കോഴിക്കോട്: സമൂഹത്തിലെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് ജനങ്ങളെ ബോധവല്‍ക്കരിച്ച് ഭരണകൂടങ്ങളെ നേര്‍വഴിയിലേക്ക് നയിച്ച കര്‍മ്മയോഗിയായിരുന്നു സുകുമാര്‍ അഴീക്കോടെന്ന് ആചാര്യ എ.കെ.ബി നായര്‍ പറഞ്ഞു. അഴീക്കോട് സ്മാരക സമിതി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ത്തമാനകാലത്തെ ദുരവസ്ഥ കാണുമ്പോള്‍ അഴീക്കോടിന്റെ അഭാവം നമുക്ക് അനുഭവപ്പെടുകയാണ്. വികസനത്തിന്റെ പേരില്‍ വയലുകളും കുന്നുകളും നശിപ്പിച്ച് ഗ്രാമങ്ങളെപോലും റോഡുകളുപയോഗിച്ച് കീറിമുറിക്കുന്ന വികസനം അനുഗ്രഹീതമായ കേരളത്തിന് അഭികാമ്യമാണോയെന്ന് നാം ചിന്തിക്കണം. 1960-62 കാലത്ത് പാലക്കാട് വിക്ടോറിയ കോളേജില്‍ പഠിക്കുമ്പോള്‍ അന്നത്തെ പാലക്കാട് എത്ര സുന്ദരമായിരുന്നു..! നിറയെ നെല്‍വയലുകള്‍, ഇന്നതെല്ലാം പോയി. കുറേ കെട്ടിടങ്ങള്‍ വന്നു.
വയലുകളും കുന്നുകളും നശിക്കുമ്പോള്‍ നമ്മുടെ ജലസ്രോതസ്സാണ് നശിക്കുന്നത്. മനുഷ്യസ്‌നേഹത്തിന് വിരുദ്ധമായ വികസനം അഴീക്കോടുണ്ടായിരുന്നെങ്കില്‍ ശക്തമായി എതിര്‍ക്കുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രകൃതി സ്‌നേഹവും സര്‍വ്വസാഹോദര്യവും ഉയര്‍ത്തിപ്പിടിച്ച അഴീക്കോടിന്റെ സ്മരണകള്‍ വര്‍ത്തമാനകാലത്തെ സാമൂഹിക വിപത്തുകള്‍ക്കെതിരേ ചെറുത്ത് നില്‍ക്കാന്‍ കരുത്ത് പകരണമെന്നദ്ദേഹം ആഹ്വാനം ചെയ്തു. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി ആമുഖ പ്രഭാഷണം നടത്തി. പി.ഗംഗാധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഡോ.കെ.മൊയ്തു, കവി പി.കെ ഗോപി, വേണു താമരശ്ശേരി, അഡ്വ. മഞ്ചേരി സുന്ദര്‍രാജ് എന്നിവര്‍ സംസാരിച്ചു. പുരസ്‌കാര ജേതാക്കളായ ഗോപിനാഥ് ചേന്നര, ആര്യാഗോപി എന്നിവരെ ആദരിച്ചു. പി.അനില്‍ബാബു പ്രാര്‍ഥന ആലപിച്ചു.