നാദാപുരം: ആകെ റിപ്പോര്‍ട്ട് ചെയ്ത അഞ്ചാം പനി കേസില്‍ 25% റിപ്പോര്‍ട്ട് ചെയ്ത ആറാം വാര്‍ഡ് തെരുവംപറമ്പത്ത് ജമാല്‍ ഹാജിയുടെ വീടിനു സമീപം പൊതുജനങ്ങള്‍ക്കായി ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു. മൂന്നുതവണ വീടുകളില്‍ കയറിയിട്ടും അഞ്ചാംപനിയുടെ പ്രതിരോധ വാക്‌സിനായ എം.ആര്‍ വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിച്ച സാഹചര്യത്തിലാണ് ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ വാക്‌സിന്റെ വിവിധ വശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും വീട്ടുകാരില്‍ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും ടേബിള്‍ ടോക്ക് സംഘടിപ്പിച്ചത്. അഞ്ചാംപനി പ്രതിരോധ വാക്‌സിന്‍ എടുക്കാത്ത 300 കുട്ടികള്‍ ഉണ്ട് , കൊവിഡ് കാലത്ത് പോലെ സ്‌കൂള്‍ , മദ്രസ്സ , അങ്കണവാടി എന്നിവിടങ്ങളില്‍ അഞ്ചാം പനി പ്രതിരോധ വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് നിയമപരമായ നിയന്ത്രണം വേണമെന്ന് ടേബിള്‍ ടോക്ക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ടേബിള്‍ ടോക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ നാസര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ റീന കിണമ്പ്രെമ്മല്‍ സ്വാഗതം പറഞ്ഞു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ ജമീല, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.സി സുബൈര്‍, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് , ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രന്‍ കല്ലേരി, അസിസ്റ്റന്റ് സെക്രട്ടറി ടി.പ്രേമാനന്ദന്‍, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സതീഷ് ബാബു, ഉമേഷ് പെരുവങ്കര, കെ.ടി.കെ അശോകന്‍, ഈന്തുള്ളതില്‍ കുഞ്ഞാലി, പി.ജമാല്‍ ഹാജി എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ ടി.പ്രേമാനന്ദന്‍ ആരോഗ്യ ഗീതം ആലപിച്ചു, ടേബിള്‍ ടോക്കില്‍ പങ്കെടുത്തവരുടെ സംശയങ്ങള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ മറുപടി നല്‍കി. നാളെ(ബുധന്‍) രാവിലെ 10 മുതല്‍ ഒരുമണി വരെ അഞ്ചാംപനി പ്രതിരോധ മരുന്ന് ( MR+VIT A) നാദാപുരം താലൂക്ക് ആശുപത്രിയില്‍ വച്ച് നല്‍കുന്നതാണ്. പ്രതിരോധ മരുന്ന് എടുക്കാത്തവര്‍ ഈ അവസരം പ്രയോജനപ്പെടുത്തണം.