ഹെസ്സേയുടെ മാസ്റ്റര്‍ പീസ് രചനയ്ക്ക് നിറച്ചാര്‍ത്തുമായി എബി എന്‍.ജോസഫ്

ഹെസ്സേയുടെ മാസ്റ്റര്‍ പീസ് രചനയ്ക്ക് നിറച്ചാര്‍ത്തുമായി എബി എന്‍.ജോസഫ്

ചാലക്കര പുരുഷു

തലശ്ശേരി: ലോകത്ത് തന്നെ ഏറ്റവും ശ്രദ്ധേയമായ ജര്‍മ്മന്‍ സര്‍ക്കാരിന്റെ മ്യൂസിയത്തിലേക്ക് നോബല്‍ സമ്മാന ജേതാവും, ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്റെ ചെറുമകനുമായ ഹെര്‍മ്മന്‍ ഹെസ്സേയുടെ, ഭാരതീയ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ‘സിദ്ധാര്‍ത്ഥ ‘ എന്ന നോവലിനെ അധികരിച്ച് മുപ്പതോളം ചിത്രപരമ്പര ചമയ്ക്കാന്‍ പ്രമുഖ ഭാരതീയ ചിത്രകാരനായ എബി എന്‍.ജോസഫിന് നിയോഗം. 70 മില്യന്‍ യൂറോ ചിലവഴിച്ച് ജര്‍മ്മന്‍ സര്‍ക്കാര്‍ മ്യൂസിയം നവീകരിച്ചു കൊണ്ടിരിക്കുകയാണ്. ജര്‍മ്മനിയിലെ ചില ഗാലറികളില്‍ അതിപ്രശസ്തരായ ഭാരതീയചിത്രകാരന്മാരുടെ രചനകളുണ്ടെങ്കിലും, വിശ്വോത്തരമായ സര്‍ക്കാര്‍ മ്യൂസിയത്തില്‍ ഇതാദ്യമായാണ് ഒരു ഭാരതീയചിത്രകാരന്റെ ചിത്രപരമ്പര ഇടം പിടിക്കുന്നത്. കൈരളിക്ക് മലയാളത്തിന്റെ അര്‍ത്ഥമാധുര്യം പകര്‍ന്നേകിയ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്റേയും, നൊബേല്‍ സമ്മാനം നേടിയ പൗരാണിക ഇന്ത്യന്‍ ദാര്‍ശനിക ജീവിതത്തിന്റെ ക്ലാസ്സിക്കല്‍ കൃതിയായി പരിണമിച്ച ‘സിദ്ധാര്‍ത്ഥ’യുടെ കര്‍ത്താവ് ഹെര്‍മ്മന്‍ ഹെസ്സേയുടേയും അനശ്വര സ്മരണകളിരമ്പുന്ന, പൈതൃകനഗരമായ തലശ്ശേരിയില്‍ നിന്നുമാണ് ഒരു ഭാരതീയചിത്രകാരന് ഈ നിയോഗം കൈവന്നിട്ടുള്ളത്. ജര്‍മ്മനിയിലെ കാല്‍വ് നഗരത്തിലെ മേയര്‍ക്ക് ഇരുപത് വര്‍ഷം മുമ്പ് മലയാള കലാഗ്രാമത്തിലെ കലാകാരന്മാര്‍ അവിടം സന്ദര്‍ശിച്ച വേളയില്‍ നഗരസഭാ ചെയര്‍മാനായിരുന്ന അഡ്വ.മുഹമ്മദ് സലീം, എബി എന്‍.ജോസഫ് വരച്ച, ഹെസ്സേയുടെ അമ്മ ജനിച്ച ബംഗ്ലാവ് ഉള്‍പ്പെടുന്ന പ്രകൃതി മനോഹരമായ ഇല്ലിക്കുന്നിന്റെ ലാന്റ് സ്‌കേപ്പ് സമ്മാനിച്ചിരുന്നു. മൂന്ന് വര്‍ഷം മുമ്പ് ജര്‍മ്മനിയില്‍ നടന്ന ‘ഇന്ത്യാ ടു പനാമ ‘ എക്‌സിബിഷനിലേക്ക് എ ബി എന്‍.ജോസഫ് ക്ഷണിക്കപ്പെട്ടിരുന്നു.

അക്രലിക്കിലും, എണ്ണച്ഛായത്തിലും വര്‍ണ്ണങ്ങളുടെ വിശുദ്ധി തെല്ലും ചോര്‍ന്നു പോകാതെ, അവയുടെ ലയനം സാധിതമാക്കാനുള്ള അനിതരസാധാരണമായ സിദ്ധിവിശേഷമുള്ള അത്യപൂര്‍വ്വം ചിത്രകാരന്മാരിലൊരാളാണ് എബി. ചിത്രങ്ങളില്‍ വര്‍ണ്ണങ്ങള്‍ പോലെ തന്നെ നിഴലിനേയും, വെളിച്ചത്തേയും അതിസമര്‍ത്ഥമായി സന്നിവേശിപ്പിക്കാനുള്ള കൈവഴക്കവും ഈ കലാകാരന് അവകാശപ്പെട്ടതാണ്. ഐസ്സേയുടെ ജീവന്‍ തുടിക്കുന്ന ഒരു എണ്ണച്ഛായ ചിത്രം ഇതിനകം ഈ മ്യൂസിയത്തിന് കൈമാറിയിട്ടുണ്ട്. അടുത്ത ഒരു വര്‍ഷക്കാലം എബി എന്‍.ജോസഫ് തിരക്കുകളില്‍ നിന്നും തീര്‍ത്തും ഒഴിഞ്ഞ് മാറി സിദ്ധാര്‍ത്ഥയിലെ കഥാസന്ദര്‍ഭങ്ങളേയും, കഥാപാത്രങ്ങളേയും മുപ്പതോളം വരുന്ന ക്യാന്‍വാസുകളില്‍ പകര്‍ത്തും. അതിനായി തന്റെ വീടിനോട് ചേര്‍ന്നുള്ള സ്റ്റുഡിയോ പുതുക്കി പണിതു കൊണ്ടിരിക്കുകയാണ്. താഴെ അത്യാധുനിക രീതിയിലുള്ള സ്റ്റുഡിയോവും, മുകളില്‍ ഗാലറിയുമാണ് സജ്ജീകരിച്ചിട്ടുള്ളത്. ഫെബ്രുവരി പകുതിയോടെ ചിത്രകാരന്‍ രചനയില്‍ മുഴുകും.

ലളിതകലാ അക്കാദമി വൈസ് ചെയര്‍മാന്‍, തലശ്ശേരി സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് പ്രസിഡന്റ്, സംസ്ഥാന ആര്‍ട്ട് കേന്‍ കെയറിന്റെ ചെയര്‍മാന്‍, കര്‍ണാടക ചിത്രകലാ പരിഷത്ത് നിര്‍വ്വാഹക സമിതിയംഗം, തുടങ്ങി ഒട്ടേറെ കലാസാംസ്‌ക്കാരിക സംഘടനകളുടെ സാരഥ്യം വഹിക്കുന്ന എബി.എന്‍ ജോസഫിന് കേരള ലളിതകലാ അക്കാദമി അവാര്‍ഡ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗാന്ധി ചെയര്‍ അവാര്‍ഡ്, സി.പി രാമന്‍ നായര്‍ അവാര്‍ഡ്, ജൂണിയര്‍ ചേമ്പറിന്റെ ഔട്ട് സ്റ്റാന്റിങ്ങ് യങ്ങ് ഇന്ത്യന്‍ അവാര്‍ഡ് , കൊച്ചിന്‍ കേരള മാര്‍ക്കറ്റ് അവാര്‍ഡ് തുടങ്ങി നിരവധി ബഹുമതികളും ലഭിച്ചിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തുമായി അമ്പതോളം ഏകാംഗ പ്രദര്‍ശനങ്ങളും നടത്തിയിട്ടുണ്ട്. മ്യൂണിക്, ലണ്ടന്‍, വിയന്ന, പാരീസ്, ഹൈഡന്‍ ബര്‍ഗ് തുടങ്ങി യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ മഹാനഗരണ്ടളില്‍ പ്രദര്‍ശനങ്ങളും സോദാഹരണപ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *