‘മാലിന്യ സംസ്‌കരണ പദ്ധതി നടത്തിപ്പില്‍ തലശ്ശേരി നഗരസഭ മാതൃക’

‘മാലിന്യ സംസ്‌കരണ പദ്ധതി നടത്തിപ്പില്‍ തലശ്ശേരി നഗരസഭ മാതൃക’

തലശ്ശേരി: പുന്നോല്‍ പെട്ടിപ്പാലം ട്രഞ്ചിംഗ് ഗ്രൗണ്ട് അടച്ചതിന് ശേഷം കഴിഞ്ഞ 12 വര്‍ഷങ്ങളായി നഗരത്തില്‍ നടപ്പാക്കിയ വിവിധങ്ങളായ മാലിന്യ സംസ്‌കരണ പദ്ധതികളിലൂടെ തലശ്ശേരി നഗരസഭ, കണ്ണൂര്‍ ജില്ലക്ക് മാതൃകയായതായി ചെയര്‍പേഴ്‌സണ്‍ കെ.എം.ജമുനാ റാണിയും നഗരസഭാ സെക്രട്ടറി ബിജുമോന്‍ ജോസഫും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബോധവല്‍ക്കരണത്തിലൂടെയും ഉറവിട മാലിന്യ സംസ്‌കരണത്തിലൂടെയും കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളായി നഗരസഭാ പരിധിയില്‍ നടപ്പാക്കിയ സംവിധാനങ്ങളാണ് മാതൃകയാവുന്നതെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. നഗരസഭയില്‍ ഹരിത കര്‍മ്മസേന പ്രവര്‍ത്തനം കാര്യക്ഷമമാക്കി. കൃത്യമായ ഇടവേളകളില്‍ വീടുകളിലും സ്ഥാപനങ്ങളിലും എത്തി കര്‍മ്മസേനാംഗങള്‍ മാലിന്യം ശേഖരിച്ച് നിര്‍മ്മല്‍ ഭാരത് ഏജന്‍സി മുഖേന കണ്ടിക്കലിലെ എം.ആര്‍.എഫില്‍ എത്തിച്ച് സെഗ്രിഗേഷന്‍ നടത്തി വിവിധ മേഖലകളിലേക്ക് കയറ്റി അയക്കുകയാണ്. 49 സ്ത്രീകള്‍ക്ക് ഇതിലൂടെ മെച്ചപ്പെട്ട വേതനവും ലഭിക്കുന്നു. നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട കവലകളില്‍ ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ നിക്ഷേപിക്കാനായി 32 ബോട്ടില്‍ ബൂത്തുകള്‍ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്.

തലശ്ശേരി മോഡല്‍ എന്നറിയപ്പെടുന്ന ബോട്ടില്‍ ബൂത്തുകള്‍ കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏറ്റെടുത്ത് സ്ഥാപിച്ചു വരികയാണ്. നഗരപരിധിയിലെ എല്ലാഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും മാലിന്യം നിക്ഷേപിക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്നതിനായി നാല് ബിന്നുകള്‍ അടങ്ങുന്ന കലക്ടേഴ്‌സ് അറ്റ് സ്‌കൂള്‍ സംവിധാനം ഉടന്‍ സ്ഥാപിക്കും. കൊതുക് നിവാരണത്തിനും പദ്ധതി തയ്യാറാക്കി. പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ സി.സി.ടി.വികളും സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഖരമാലിന്യ പദ്ധതികള്‍ നടപ്പിലാക്കാന്‍ ലോകബാങ്കിന്റെ സഹായത്തില്‍ 15.6 കോടി ലഭ്യമായതും ഇതിലെ ആദ്യഘട്ടം തുടങ്ങിയതായും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാരും അംഗങ്ങളുമായ ഷബാന ഷാനവാസ്, അബ്ദുള്‍ ഖ്വിലാബ്, സി.ഗോപാലന്‍, സി.സോമന്‍, ബംഗ്ലാ ഷംസുദ്ദീന്‍, ഹെല്‍ത്ത് സുപ്പര്‍വൈസര്‍ പ്രമോദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *