ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ കേരളം ഏറെ പിന്നില്‍: കേന്ദ്രമന്ത്രി പശുപതികുമാര്‍ പരശ്

ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ കേരളം ഏറെ പിന്നില്‍: കേന്ദ്രമന്ത്രി പശുപതികുമാര്‍ പരശ്

കോഴിക്കോട്: ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ കേരളം ഏറെ പിന്നിലെന്ന് കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രി പശുപതികുമാര്‍ പരശ് പറഞ്ഞു. ആര്‍.എല്‍.ജെ.പി സംസ്ഥാന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബീഹാര്‍ പോലുള്ള സംസ്ഥാനങ്ങളെക്കാള്‍ ഏറെ പിന്നിലാണ് കേരളത്തിന്റെ അവസ്ഥ. ഈ മേഖലയില്‍ കേരളത്തില്‍ നിന്നുള്ള സംരംഭകര്‍ക്ക് ഏറെ പ്രോത്സാഹനം തന്റെ ഭാഗത്തു നിന്നുണ്ടാകും. ഭക്ഷ്യ സംസ്‌കരണ രംഗത്ത് മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 35% സബ്സിഡി നല്‍കുന്നുണ്ട് , അത് തിരിച്ചടക്കേണ്ടതില്ല. ആദിവാസി ദളിത് വിഭാഗങ്ങള്‍ ആരംഭിക്കുന്ന സ്ഥാപനം ആണെങ്കില്‍ തിരിച്ചടക്കേണ്ടതില്ലാത്ത 50% സബ്സിഡി നല്‍കുന്നുണ്ടെന്നും പക്ഷേ ഇതിനു വേണ്ടത്ര പ്രചാരണം കേരളത്തില്‍ കിട്ടിയിട്ടില്ലെന്നും കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു.

രണ്ടാം അംബേദ്ക്കറായിരുന്നു രാംവിലാസ് പാസ്വാനെന്നും പാവങ്ങളുടെ മിശിഹ എന്നാണദ്ദേഹം അറിയപ്പെട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 2024 ലെ തെരഞ്ഞെടുപ്പിലും എന്‍.ഡി.എ വീണ്ടും അധികാരത്തില്‍ വരികയും ആര്‍.എല്‍.ജെ.പിയും മന്ത്രിസഭയുടെ ഭാഗമായുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചാലപ്പുറം കേസരി ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷനില്‍ സംസ്ഥാന പ്രസിഡന്റ് എം. മെഹ്ബൂബ് അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ സെക്രട്ടറി ജിയ ലാല്‍ജി, ജനറല്‍ സെക്രട്ടറി ചീഫ് സാജൂ ജോയ്‌സണ്‍, സീനിയര്‍ വൈസ് പ്രസിഡന്റ് കുഞ്ഞിപ്പ വയിലത്തൂര്‍, സ്റ്റേറ്റ് ജനറല്‍ സെക്രട്ടറിമാരായ കെ.ടി അഭിലാഷ്, റീജ വിനോദ് , രാജന്‍ ചൈത്രം, സ്റ്റേറ്റ് സെക്രട്ടറി കെ.മുഹമ്മദ് ബഷീര്‍, രാംദാസ് വൈദ്യര്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയ മാധ്യമ മേഖലയിലെ പുരസ്‌കാരം ദീപക് ധര്‍മ്മടം (ദൃശ്യ മാധ്യമം), ജോജു സിറിയക് ( അച്ചടി മാധ്യമം) എന്നിവര്‍ക്ക് നല്‍കി. വ്യവസായ, വാണിജ്യ മേഖലകളിലെ ഷാനവാസ്, എം.രമേശ്, ഡോ. ജെറി മാത്യൂ, ഡോ. ഷാനു, അബ്ദുള്‍ റഹ്‌മാന്‍, സുധീര്‍ ബാബു എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സംസ്ഥാന ട്രഷറര്‍ കെ.ടി. തോമസ് സ്വാഗതവും ജില്ല പ്രസിഡന്റ് അരുണ്‍ കുമാര്‍ കാളക്കണ്ടി നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *