കോഴിക്കോട്: ജാമിഅ മര്‍കസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാല് കോളേജുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോളേജ് ഓഫ് ഇസ്‌ലാമിക് തിയോളജി, കോളേജ് ഓഫ് ഇസ്‌ലാമിക് ശരീഅഃ, കോളജ് ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ്, കോളേജ് ഓഫ് അറബിക് ലാംഗ്വേജ് എന്നീ ഇസ്‌ലാമിക കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
അന്താരാഷ്ട്ര സ്വഭാവത്തോടെ പുനഃക്രമീകരിച്ച വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ഇസ്‌ലാമിക വിജ്ഞാന ശാസ്ത്രത്തിലെ വിവിധ ശാഖകളില്‍ ആഴത്തിലുള്ള പഠനവും പരിശീലനവുമാണ് മര്‍കസ് പ്രദാനം ചെയ്യുന്നത്. പ്രസ്തുത വിഷയങ്ങളില്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മര്‍കസുമായി അഫിലിയേറ്റ് ചെയ്ത ലോകപ്രശസ്ത യൂണിവേഴ്സിറ്റികളായ ജാമിഅ അല്‍ അസ്ഹര്‍ ഈജിപ്ത്, ജാമിഅ സൈത്തൂന ടുണീഷ്യ, യൂണിവേഴ്‌സിറ്റി സയന്‍സ് ഇസ്‌ലാം മലേഷ്യ എന്നിവിടങ്ങളില്‍ ഉപരിപഠനത്തിന് അവസരം ഉണ്ടായിരിക്കും. കൂടാതെ പി.എസ്.സി, യു.ജി.സി നെറ്റ് തുടങ്ങിയ മത്സരപരീക്ഷാ പരിശീലനവും മാധ്യമപ്രവര്‍ത്തനം, വിവര്‍ത്തനം, മനഃശാസ്ത്രം എന്നീ വിഷയങ്ങളില്‍ പ്രാഥമിക പഠനവും കോഴ്‌സുകളോടൊപ്പം നല്‍കും.
പ്രവേശനം ആഗ്രഹിക്കുന്നവര്‍ http://admission.markaz.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കേണ്ടതാണ്. അപേക്ഷകര്‍ക്കുള്ള പ്രവേശന പരീക്ഷ ഫെബ്രുവരി 13 ന് ജാമിഅ മര്‍കസില്‍ വെച്ച് നടക്കുമെന്ന് ചാന്‍സലര്‍ സി. മുഹമ്മദ് ഫൈസി അറിയിച്ചു. വിവരങ്ങള്‍ക്ക്: 9072500423, 9495137947,9072500443.