- രോഗലക്ഷണങ്ങള്‍ വ്യക്തമാക്കി ആരോഗ്യ വകുപ്പ്
- കാക്കനാട്ടെ സ്‌കൂള്‍ അടച്ചു
കൊച്ചി: കൊച്ചിയില്‍ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. മൂന്ന് വിദ്യാര്‍ഥികള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. കാക്കനാട്ടെ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ മാതാപിതാക്കള്‍ക്കും ലക്ഷണങ്ങള്‍ പ്രകടമാക്കിയതിനാല്‍ അവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി സ്‌കൂളിന് അവധി പ്രഖ്യാപിച്ചിരിക്കുയാണ്.
കുട്ടികളുടെ സാംപിള്‍ വിശദപരിശോധനയ്ക്ക് അയച്ചു. സ്‌കൂളിലെ പ്രൈമറി വിഭാഗം മൂന്നു ദിവസത്തേക്ക് അടച്ചു. സ്‌കൂളിലെ ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് ഏര്‍പ്പെടുത്തി. പ്രതിരോധ നടപടികള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
കടുത്ത ഛര്‍ദി, വയറിളക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ നോരോ വൈറസ് ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. മലിനജലത്തിലൂടെയും, ഭക്ഷണത്തിലൂടെയും രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
വിവിധ ശ്രേണിയിലുള്ള വൈറസ് ഒരാളെ പലതവണ ബാധിക്കാം. 60 ഡിഗ്രി വരെ ചൂടിനെയും പല അണുനാശിനികളെയും പ്രതിരോധിക്കാനുള്ള ശേഷിയും ഈ വൈറസിനുണ്ട്. ഇതിനാല്‍ ഭക്ഷണം വെറുതേ ചൂടാക്കിയത് കൊണ്ടോ വെള്ളത്തില്‍ ക്ലോറിന്‍ ചേര്‍ത്തത് കൊണ്ടോ വൈറസ് നശിക്കില്ല. സാധാരണ ഹാന്‍ഡ് സാനിറ്റൈസറുകളെയും ഇവ അതിജീവിക്കും. ഈ വൈറസിന് നിലവില്‍ വാക്‌സിനുകള്‍ കണ്ടെത്തിയിട്ടില്ല. ശരീരത്തിലെ ജലാംശം നിലനിര്‍ത്തുകയാണ് വൈറസി പ്രതിരോധിക്കാനുള്ള മുഖ്യവഴി.