ന്യൂഡല്‍ഹി: ലൈംഗിക ആരോപണവിധേയനായ ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങ് സ്ഥാനം ഒഴിയുമെന്ന് കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂര്‍. ഇതോടെ മൂന്ന് ദിവസം പിന്നിട്ട സമരം വെള്ളിയാഴ്ച അര്‍ധരാത്രിയോടെ താരങ്ങള്‍ സമരം അവസാനിപ്പിച്ചു. ആരോപണവിധേയനായ ബ്രിജ് ഭൂഷണര്‍ ശരണ്‍സിങ് മാറ്റി നിര്‍ത്തി അന്വേഷണം നടത്തുമെന്നതടക്കമുള്ള ഉറപ്പ് മന്ത്രിയില്‍ നിന്നും ലഭിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.
കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറുമായി നടത്തിയ രണ്ടാംവട്ട ചര്‍ച്ചയിലാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ഗുസ്തി ഫെഡറേഷനും തലവനുമെതിരേ ഉയര്‍ന്ന ലൈംഗിക അതിക്രമ, സാമ്പത്തിക ക്രമക്കേട് ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഒരു സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചു. നാലാഴ്ചക്കുള്ളില്‍ സമിതി അന്വേഷണം പൂര്‍ത്തിയാക്കും. അന്വേഷണം പൂര്‍ത്തിയാകുംവരെ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് മാറിനിന്ന് അന്വേഷണവുമായി സഹകരിക്കും. ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങള്‍ പുതിയ സമിതി നിര്‍വഹിക്കും. മന്ത്രി അനുരാഗ് ഠാക്കൂര്‍ ന്യൂഡല്‍ഹിയില്‍ അറിയിച്ചു.
ബുധനാഴ്ച ഡല്‍ഹി ജന്തര്‍മന്തറില്‍ ആരംഭിച്ച സമരം മൂന്ന് ദിവസം പിന്നിട്ട് കരുത്താര്‍ജിച്ചപ്പോഴാണ് സര്‍ക്കാര്‍ വഴങ്ങിയത്. സമരത്തിലേക്ക് ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നായി കൂടുതല്‍ കായികതാരങ്ങള്‍ എത്തിയിരുന്നു. ആരോപണം അന്വേഷിക്കാന്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ (ഐ.ഒ.എ) ഏഴംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. മേരികോം, ഡോള ബാനര്‍ജി, അളകനന്ദ അശോക്, യോഗേശ്വര്‍ ദത്ത്, സഹ്‌ദേവ് യാദവ് തുടങ്ങിയവര്‍ അന്വേഷണ സമിതിയില്‍ അംഗങ്ങളാണ്. അന്വേഷണം വേണമെന്ന് വനിത താരങ്ങള്‍ ഐ.ഒ.എ പ്രസിഡന്റ് പി.ടി ഉഷയോട് ആവശ്യപ്പെട്ടിരുന്നു.