മാഹി: നിഷ്‌ക്കളങ്കമായ കുഞ്ഞു മനസിനുടമയായ പ്രഫുല്‍കൃഷ്ണയില്‍നിന്നും രൂപമെടുത്ത വരകളും, വര്‍ണ്ണ ചിത്രങ്ങളും കൗമാരകുതൂഹലങ്ങള്‍ക്കുമപ്പുറം വര്‍ത്തമാനകാലത്തോട് ശക്തമായി സംവദിക്കുന്നവയാണെന്ന് കെ.കെ.രമ എം.എല്‍.എ അഭിപ്രായപ്പെട്ടു. പന്ത്രണ്ട് വയസുകാരനായ കടമേരിയിലെ കെ.എസ്. പ്രഫുല്‍കൃഷ്ണയുടെ ചതുര്‍ദിന ചിത്രപ്രദര്‍ശനം മലയാള കലാഗ്രാമത്തിലെ എം.വി ദേവന്‍ ആര്‍ട്ട്ഗാലറിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ചടങ്ങില്‍ മധുമോഹന്‍ പൂത്തോളിക്കണ്ടി അധ്യക്ഷത വഹിച്ചു. ടി.വി സുധീര്‍ കുമാര്‍, ആര്‍ട്ടിസ്റ്റ് പ്രശാന്ത് ഒളവിലം, രജിത്ത് ആയഞ്ചേരി , രാജീവ് അരൂര്‍ , വിജയന്‍ ആവളം, സുരേഷ് കൂടത്തില്‍ സംസാരിച്ചു. പ്രഫുലിന്റെ രണ്ടാമത്തെ പ്രദര്‍ശനമാണിത്. രണ്ടാം ക്ലാസ് മുതല്‍ പ്രഫുല്‍ ചിത്രം വരക്കുന്നുണ്ട്. ചിത്രരചന അഭ്യസിച്ചിട്ടില്ല. പ്രദര്‍ശിപ്പിക്കപ്പെട്ട രചനകളിലേറെയും അക്രിലിക്, പെന്‍സില്‍ ഡ്രോയിങ്ങ് എന്നീ മാധ്യമങ്ങളിലുള്ളവയാണ്. വടകര ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. സംസ്ഥാനതല ടെക്‌നിക്കല്‍ സ്‌കൂള്‍ കലോത്സവത്തില്‍ പെന്‍സില്‍ ഡ്രോയിങ്ങിനും കാര്‍ട്ടൂണിനും രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്. കടമേരി പടിഞ്ഞാറെക്കണ്ടി കരുണാകരന്‍ കടമേരിയുടെയും ഷീജയുടെയും മകനാണ്. രണ്ട് ഡസനിലേറെയുള്ള ചിത്രങ്ങളുടെ പ്രദര്‍ശനം ജനുവരി 24ന് വൈകീട്ട് സമാപിക്കും.