കോഴിക്കോട്: സത്യത്തിന്റെ നഗരമെന്നതിനോടൊപ്പം സ്‌നേഹത്തിന്റെ നഗരമെന്നാണ് എനിക്ക് കോഴിക്കോടിനെ വിശേഷിപ്പിക്കുവാനുള്ളതെന്ന് എഴുത്തുകാരനും പൊതുവിദ്യാഭ്യാസ വകുപ്പ് മുന്‍ ഡയറക്ടറുമായിരുന്ന കെ.വി മോഹന്‍ കുമാര്‍ പറഞ്ഞു. ശന്തനു നായിഡു എഴുതിയ രത്തന്‍ ടാറ്റയെക്കുറിച്ചുള്ള പ്രകാശ ഗോപുരത്തിനരികെ എന്ന ഷമീമ മജീദ് വിവര്‍ത്തനം ചെയ്ത പുസ്തകത്തിന്റെ പ്രകാശനം നവാസ് പൂനൂരിന് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശന്തനു നായിഡുവെന്ന ചെറുപ്പക്കാരനായ വ്യക്തി നമ്മുടെ യുവ സമൂഹത്തിന് ഏറെ അനുകരണീയ മാതൃകയായ വ്യക്തിയാണ്. മനോഹരമായ ഭാഷയിലൂടെയാണ് ഷമീമ മജീദ് ഈ പുസ്തകം പരിഭാഷപ്പെടുത്തിയത്. രത്തന്‍ ടാറ്റയുടെ എളിമയുള്ള ജീവിതം മലയാളവായനക്കാര്‍ക്ക് ഈ പുസ്തകത്തിലൂടെ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കെ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.
നവാസ് പൂനൂര്‍, ജോഹര്‍ ടാം ടണ്‍, ഹസ്സന്‍ തിക്കോടി, ലിപി അക്ബര്‍, എം.എ സുഹൈല്‍, ഡോ. മുഹമ്മദ് സജ്ജാദ് എന്നിവര്‍ സംസാരിച്ചു. ലിപി ബുക്‌സാണ് പ്രകാശ ഗോപുരത്തിനരികെയെന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത്.