ന്യൂഡല്‍ഹി: ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെ വനിതാ താരങ്ങള്‍ നേരിടുന്ന പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് റെസ്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിനെതിരേയും പരിശീലകര്‍ക്കെതിരേയും ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരം ശക്തമാക്കാന്‍ ഒരുങ്ങി താരങ്ങള്‍. ഇത്തരം ആരോപണങ്ങളുമായി രാജ്യത്തെ കായിക താരങ്ങള്‍ ആദ്യമായാണ് സമരത്തിനിറങ്ങിയത്. വിഷയം ഉടന്‍ പരിഹരിക്കുമെന്ന് കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. താരങ്ങളുമായി ഇന്ന് വീണ്ടും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ കായിക മന്ത്രിയുടെ വസതിയില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് തീരുമാനം.
വനിതാ താരങ്ങളെ ബി.ജെ.പി എം.പിയും ഫെഡറേഷന് അധ്യക്ഷനുമായ ബ്രിജ് ഭൂഷണ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന വിനേഷ് ഫോഗട്ടിന്റെ ആരോപണമാണ് വിവാദമായിരിക്കുന്നത്. താരങ്ങളുടെ സ്വകാര്യ ജീവിതത്തിലേക്കുവരെ ഫെഡറേഷന് കടന്നുകയറുകയാണെന്നും വിനേഷ് ഫോഗട്ട് ആരോപിച്ചു. ഒളിമ്പ്യന്മാരായ വിനേഷ് ഫോഗട്ട്, രവി കുമാര്‍ ദാഹിയ, ബജ്റംഗ് പൂനിയ, സാക്ഷി മാലിക് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ബ്രിജ് ഭൂഷണെതിരേ ഡല്‍ഹിയില്‍ താരങ്ങള്‍ പ്രതിഷേധിക്കുന്നത്. ബി.ജെ.പി എം.പി ബ്രിജ് ഭൂഷണ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കണം. അതിനൊപ്പം കേസെടുത്ത് അറസ്റ്റ് ചെയ്യുകയും ഫെഡറേഷന് പിരിച്ചുവിടുകയും ചെയ്യണമെന്നാണ് പ്രതിഷേധക്കാര്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യം.