- ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീപ്പിടിത്തമുണ്ടായത്
പത്തനംതിട്ട: പത്തനംതിട്ട നഗരമധ്യത്തില്‍ വന്‍തീപ്പിടിത്തം. സെന്‍ട്രല്‍ ജങ്ഷനിലെ ചിപ്‌സ് കടയിലാണ് തീ പിടിച്ചത്. ഈ കടയിലുണ്ടായിരുന്ന ഗ്യാസ് കുറ്റി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ എട്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും നാല് കടകള്‍ക്ക് തീപ്പിടിക്കുകയും ചെയ്തു. പരുക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
നഗര മധ്യത്തിലെ നമ്പര്‍ വണ്‍ ചിപ്‌സ് കട എന്ന കടയില്‍ നിന്നാണ് ആദ്യം തീ പടര്‍ന്ന് പിടിച്ചത്. പിന്നീട് സമീപത്തെ എ വണ്‍ ചിപ്‌സ്, ഹാശിം ചിപ്‌സ്, അഞ്ജന ഷൂ മാര്‍ട്ട്, സെല്‍ ടെക് മൊബൈല്‍ ഷോപ്പ് എന്നിവയിലേക്കും തീ പടര്‍ന്നു. അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ തീ അണക്കാനുള്ള ശ്രമം നടത്തുന്നതിനിടെ ചിപ്‌സ് കടകളില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതോടെ തീ കൂടുതല്‍ പടരുകയായിരുന്നു. തീ നിയന്ത്രണവിധേയമാക്കി.
ഗ്യാസ് കുറ്റി പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ നിന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരടക്കം തലനാരിഴക്കാണ് രക്ഷപ്പെട്ടത്. തുടര്‍ന്ന് കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെ സ്ഥലത്തേക്ക് എത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജീവനക്കാര്‍ കടക്കുള്ളില്‍ കുടുങ്ങിയെന്ന സംശയം ആദ്യം ഉയര്‍ന്നിരുന്നുവെങ്കിലും ആളപായമില്ലെന്ന് പിന്നീട് സ്ഥിരീകരണമായി.