- അഞ്ച് പേര്‍ക്ക് സസ്പെന്‍ഷന്‍
തിരുവനന്തപുരം: മംഗലപുരം സ്റ്റേഷനില്‍ പോലിസുകാര്‍ക്ക് കൂട്ട സ്ഥലം മാറ്റം. ഗുണ്ടാ-മണല്‍ മാഫിയാ ബന്ധം വ്യക്തമായതിന് പിന്നാലെയാണ് സ്‌റ്റേഷനിലെ അഞ്ച് പോലിസുകാരെ സസ്പെന്‍ഡ് ചെയ്തതിനു പിന്നാലെ റൂറല്‍ എസ്.പി ഡി. ശില്‍പ 24 പോലിസുകാരെ സ്ഥലം മാറ്റി. ഗോപകുമാര്‍, അനൂപ് കുമാര്‍, ജയന്‍, കുമാര്‍, സുധി കുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സ്റ്റേഷനിലെ സ്വീപ്പര്‍ തസ്തികയിലുള്ളവരെ മാറ്റിയില്ല. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലേക്കാണ് 24 പേരെയും മാറ്റിയത്. പകരം മറ്റ് സ്റ്റേഷനിലെ 29 പോലിസുകാരെ മംഗലപുരം സ്റ്റേഷനിലേക്കും മാറ്റി.
കഴിഞ്ഞ ദിവസം തലസ്ഥാനത്ത് ക്രിമിനല്‍ പശ്ചാത്തലമുള്ള മൂന്ന് പോലിസ് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. സി.ഐ അഭിലാഷ്, പോലിസ് ഡ്രൈവര്‍ ഷെറി എസ്. രാജ്, റെജി ഡേവിഡ് എന്നിവരെയാണ് പിരിച്ചുവിട്ടത്. സിറ്റി പോലിസ് കമ്മീഷണര്‍ സി.എച്ച് നാഗരാജുവിന്റേതാണ് നടപടി. അഭിലാഷിനെ ശ്രീകാര്യം എസ്.എച്ച്.ഒ ആയിരിക്കെ പീഡനക്കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിനാണ് പിരിച്ചുവിട്ടത്. നിലവില്‍ ഗുണ്ടാ സംഘവുമായുള്ള ബന്ധം കണ്ടെത്തിയതിന്റെ പേരില്‍ സസ്‌പെന്‍ഷനിലാണ്. ലൈംഗിക കേസിലും വയോധികയെ മര്‍ദ്ദിച്ച കേസിലും പ്രതിയാണെന്ന് കണ്ടെത്തയതിനെ തുടര്‍ന്ന് നന്ദാവനം എ.ആര്‍ ക്യാമ്പിലെ ഡ്രൈവറായ ഷെറി എസ്. രാജിനെതിരേയാണ് നടപടി സ്വീകരിച്ചത്. റെജി ഡേവിഡിനെ മെഡിക്കല്‍ കോളേജ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് പിരിച്ചുവിട്ടത്.