തലശ്ശേരി: ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ച് കാട്ടിയും വളച്ചൊടിച്ചും പൊതുവല്‍ക്കരിച്ചും ഉദ്യോഗസ്ഥ വിഭാഗവും മാധ്യമങ്ങളും ചേര്‍ന്ന് ഹോട്ടല്‍ വ്യവസായത്തെ തകര്‍ക്കുകയാണെന്ന് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് ജി. ജയപാല്‍ അഭിപ്രായപ്പെട്ടു. സംഘടനയുടെ ജില്ലാ കണ്‍വന്‍ഷന്‍ നവരത്‌ന- ഇന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകമെങ്ങുമുള്ള സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നത് പ്രകൃതി മനോഹാരിത മാത്രമല്ല, വൈവിധ്യവും രുചികരവുമായ കേരളീയ ഭക്ഷണ സാധനങ്ങള്‍ കൂടിയാണ്. ഇല്ലാത്ത അധികാരമുപയോഗിച്ച് അതിക്രമിച്ച് കയറി വ്യവസായത്തെ തകര്‍ക്കുന്ന ഉദ്യോഗസ്ഥരീതി അനുവദിച്ചു കൊടുക്കാനാവില്ല. മയോനൈസ് സര്‍ക്കാരിന് വേണമെങ്കില്‍ നിരോധിക്കാം. മനുഷ്യജീവന് ഹാനികരമായ ഭക്ഷ്യവസ്തുക്കള്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള ഹോട്ടല്‍ വ്യാപാരികള്‍ക്ക് വില്‍ക്കാനാവില്ല. ഹെല്‍ത്ത് കാര്‍ഡ് സംവിധാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും സംസ്ഥാന പ്രസിഡണ്ട് പറഞ്ഞു.
മാറുന്ന കാലത്തെ ഉള്‍ക്കൊള്ളാന്‍ വ്യാപാരി സമൂഹത്തിനാവണമെന്നും തങ്ങള്‍ കഴിക്കുന്ന ഭക്ഷണം തന്നെ മറ്റുള്ളവര്‍ക്കും വിളമ്പണമെന്നും ചടങ്ങില്‍ അധ്യക്ഷം വഹിച്ച ജില്ലാ പ്രസിഡണ്ട് കെ.അച്ചുതന്‍ ഓര്‍മ്മിപ്പിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി ബാലകൃഷ്ണ പൊതുവാള്‍ മുഖ്യഭാഷണം നടത്തി. നാസര്‍ മാടോള്‍, സുമേഷ്, ലക്ഷ്മണന്‍, എഴുത്തന്‍ രാമകൃഷ്ണന്‍, സി.സി.എം മഷൂര്‍, എ. പ്രദീപന്‍, ഇ. പ്രകാശന്‍ ഡി.വി ബാലകൃഷ്ണന്‍ സംസാരിച്ചു. സംസ്ഥാന സമ്മേളനം ഫെബ്രുവരി 10 മുതല്‍ 12 വരെ കൊച്ചിയില്‍ നടക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി ബാലകൃഷ്ണ പൊതുവാള്‍ അറിയിച്ചു. കെ.എന്‍ ഭൂപേഷ് സ്വാഗതവും എ.നാരായണന്‍ നന്ദിയും പറഞ്ഞു.