ഹൈദരാബാദില്‍ ഗില്ലാട്ടം

ഹൈദരാബാദില്‍ ഗില്ലാട്ടം

ഇന്ത്യക്ക് 12 റണ്‍സിന്റെ ആവേശ ജയം. ഗില്ലിന് ഡബിള്‍ സെഞ്ചുറി. ബ്രേസ് വെല്ലിന് സെഞ്ചുറി

ഹൈദരാബാദ്: കാര്യവട്ടത്തെ ഒഴിഞ്ഞുകിടന്ന ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്‍ അവിടെനിന്നും കാണികളാല്‍ നിറഞ്ഞു കവിഞ്ഞ ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലേക്കെത്തിയപ്പോള്‍ തന്റെ കളിയിലൊരു ചെറിയ അപ്ഗ്രഡേഷന്‍ നടത്തി. ആ അപ്ഗ്രഡേഷന്‍ അയാളെ കൊണ്ടെത്തിച്ചത് ഏകദിനത്തിലെ ഡബിള്‍സെഞ്ചുറി ബാറ്റ്‌സ്മാന്‍മാരുടെ എലൈറ്റ് പട്ടികയിലേക്കാണ്, ഒപ്പം പുതിയ ചില റെക്കോര്‍ഡുകളും ശുഭമായിത്തന്നെ ഗില്‍ തന്റെ പേരില്‍ ചേര്‍ത്തു.

ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്റെ ഡബിള്‍ സെഞ്ചുറിയെന്ന റെക്കോര്‍ഡ് കഴിഞ്ഞ ദിവസം വരെ ഇഷാന്‍കിഷന്റെ പേരിലായിരുന്നു. ബംഗ്ലാദേശിനെതിരേ ഇഷാന്‍കിഷന്‍ കഴിഞ്ഞ ഡിസംബറില്‍ ഡബിള്‍ സെഞ്ചുറി നേടുമ്പോള്‍ 24 വയസും 145 ദിവസവും പ്രായമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. എന്നാല്‍ ഈ നേട്ടം ന്യൂസിലന്‍ഡിനെതിരേ ഗില്ല് തിരുത്തിക്കുറച്ചു. ഇരട്ടശതകം നേടുമ്പോള്‍ വെറും 23 വയസും 132 ദിവസവുമാണ് ഗില്ലിന്റെ പ്രായം. ഏകദിനത്തില്‍ വേഗത്തില്‍ 1000 റണ്‍സിലെത്തുന്ന രണ്ടാമത്തെ താരമായി മാറി ഗില്‍. 19ാം ഇന്നിംഗ്‌സിലാണ് ഗില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയത്. ഏകദിന ക്രിക്കറ്റില്‍ ആദ്യമായി ഡബില്‍ സെഞ്ചുറി നേടുന്ന പുരുഷ താരം സാക്ഷാന്‍ സച്ചിന്‍ ടെണ്ടുള്‍ക്കറാണ്. അതിന് ശേഷം നിരവധി പേര്‍ ആ നേട്ടത്തില്‍ എത്തിയിട്ടുണ്ട്. സച്ചിനുള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍ക്കാണ് ഇതുവരെ ഡബിള്‍ സെഞ്ചുറി നേട്ടത്തില്‍ എത്താന്‍ കഴിഞ്ഞിട്ടുള്ളത്. വീരേന്ദര്‍ സെവാഗ്(219), രോഹിത് ശര്‍മ്മ(208, 209, 264), ഇഷാന്‍ കിഷന്‍(210) എന്നിവരാണ് ഗില്ലിന് മുന്നേ ഏകദിന ഇരട്ട സെഞ്ചുറി കരസ്ഥമാക്കിയ ഇന്ത്യന്‍ താരങ്ങള്‍.

48ാം ഓവറില്‍ ന്യൂസിലന്‍ഡ് ബൗളര്‍ ലോക്കി ഫെര്‍ഗ്യൂസനെ തൂടര്‍ച്ചായി മൂന്ന് സിക്‌സറുകള്‍ക്ക് പറത്തിയാണ് ഗില്ല് ഇരട്ടശതക നേട്ടത്തിലേക്കെത്തിയത്. 149 പന്തില്‍ 208 റണ്‍സ് നേടിയ ഗില്ലിനെ അവസാന ഓവറിലെ ഹെന്റി ഷിപ്ലേയുടെ രണ്ടാം പന്തില്‍ ഗ്ലെന്‍ ഫിലിപ്സ് പറക്കും ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. 19 ഫോറും ഒമ്പത് സിക്‌സും ഗില്ലിന്റെ ഇന്നിങ്‌സിന് അകമ്പടിയേകി. ഗില്ലിന്റെ ഇരട്ട സെഞ്ചുറിയുടെ ബലത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സ് നേടിയ ഇന്ത്യക്കെതിരേ ന്യൂസിലന്‍ഡിന്റെ തുടക്കം അത്ര നല്ലതല്ലായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരുടെ മികവാര്‍ന്ന പ്രകടനങ്ങള്‍ക്ക് മുന്നില്‍ ന്യൂസിലന്‍ഡ് മുന്‍നിര തകര്‍ന്നു. ഒരു ഘട്ടത്തില്‍ ആറിന് 131 എന്ന നിലയിലായിരുന്നു കിവികള്‍. വലിയ മാര്‍ജിനിലുള്ള വിജയം ഇന്ത്യന്‍ ടീം കണ്ടിരുന്നു. എന്നാല്‍ കളിയില്‍ അപ്രതീക്ഷിത ട്വിസ്റ്റുമായി മൈക്കള്‍ ബ്രേസ്‌വെല്‍ അവതരിച്ചതോടു കൂടി ശക്തമായി തന്നെ കിവീസ് മത്സരത്തിലേക്ക് തിരിച്ചു വന്നു. മിച്ചല്‍ സാന്റ്‌നറെ കൂട്ടുപിടിച്ച് ടി-20 ശൈലിയില്‍ കളിച്ച ബ്രേസ്‌വെല്‍ വിജയം ഇന്ത്യയുടെ കൈകളില്‍ നിന്നും തട്ടിയെടുത്തുവെന്നുപോലും ആരാധകര്‍ വിചാരിച്ചു. 29ാം ഓവറില്‍ ഒത്തുച്ചേര്‍ന്ന് ബ്രേസ്‌വെല്‍-സാന്റ്‌നര്‍ സഖ്യം പൊളിക്കാന്‍ ഇന്ത്യക്ക് 46ാം ഓവര്‍ വരെ കാത്തിരിക്കേണ്ടിവന്നു.

45 പന്തില്‍ 57 റണ്‍സെടുത്ത് സാന്റ്‌നറെ മുഹമ്മദ് സിറാജ് സൂര്യകുമാര്‍ യാദവിന്റെ കൈകളിലെത്തിക്കുമ്പോള്‍ 162 റണ്‍സിന്റെ പാര്‍ട്ടണര്‍ഷിപ്പാണ് ഏഴാം വിക്കറ്റില്‍ പിറന്നത്. ഒരുഭാഗത്ത് വിക്കറ്റ് വീഴുമ്പോഴും മറുഭാഗത്ത് സെഞ്ചുറിയും കടന്ന് ന്യൂസിലന്‍ഡിനെ വിജയത്തീരത്തേക്ക് ബ്രേസ്‌വെല്‍ അടുപ്പിച്ചു കൊണ്ടേയിരുന്നു. കളി അവസാന ഓവറിലേക്കെത്തി. ന്യൂസിലന്‍ഡിന് ജയിക്കാന്‍ 20 റണ്‍സ് വേണം. ഒരു വിക്കറ്റ് ബാക്കി. സ്‌ട്രൈക്ക് എന്‍ഡില്‍ ബ്രേസ്‌വെല്‍, ബൗള്‍ ചെയ്യാനെത്തുന്നത് ശാര്‍ദുല്‍ ടാക്കൂര്‍. ശാര്‍ദൂല്‍ എറിഞ്ഞ ആദ്യപന്ത് അതിര്‍ത്തി കടത്തി ബ്രേസ്‌വെല്‍. ഇന്ത്യന്‍ ആരാധകര്‍ തലയില്‍ കൈവച്ചു പോയ നിമിഷം. ശാര്‍ദുലിന്റെ രണ്ടാം പന്ത് വൈഡിലേക്ക്. ന്യൂസിലന്‍ഡിന് ഒരു ബോണസ് റണ്‍. കളി കൈവിട്ടു പോയെന്ന് ഉറപ്പിച്ച നിമിഷം. എന്നാല്‍ അടുപന്തില്‍ ശാര്‍ദുല്‍ ബ്രേസ്‌വെല്ലിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി ഇന്ത്യക്ക് 12 റണ്‍സ് വിജയം സമ്മാനിച്ചു. തോറ്റെങ്കിലും ബ്രേസ്‌വെല്ലിന്റെ പോരാട്ട വീര്യത്തിന് നൂറില്‍ നൂറ് മാര്‍ക്കാണ്. 78 പന്തില്‍ 140 റണ്‍സ് നേടിയ ബ്രേസ്‌വെല്‍ 12 ഫോറും 10 സിക്‌സും നേടിയാണ് കളം വിട്ടത്.

ഏഴാം നമ്പറിലോ അതിന് താഴെയോ ബാറ്റ് ചെയ്ത് ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ സ്വന്തമാക്കുന്ന പട്ടികയില്‍ ബ്രേസ്വെല്‍ മൂന്നാമനായി. ഇക്കാര്യത്തില്‍ മുന്‍ ന്യൂസിലന്‍ഡ് താരം ലൂക്ക് റോഞ്ചിയാണ് ഒന്നാമന്‍. 2015ല്‍ ശ്രീലങ്കയ്ക്കെതിരേ റോഞ്ചി പുറത്താവാതെ 170 റണ്‍സ് നേടി. ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍കസ് സ്റ്റോയിനിസ് രണ്ടാമതുണ്ട്. 2017ല്‍ ഓക്ലന്‍ഡില്‍ ന്യൂസിലന്‍ഡിനെതിരെ പുറത്താവാതെ 146 റണ്‍സാണ് സ്റ്റോയിനിസ് നേടിയത്. ശ്രീലങ്കയുടെ തിസാര പെരേര, ബ്രേസ്വെല്ലിനൊപ്പം മൂന്നാമത്. 2019ല്‍ ന്യൂസിലന്‍ഡിനെതിരേ തന്നെയായിരുന്നു ഈ നേട്ടം. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് നാലും കുല്‍ദീപ് യാദവും ശാര്‍ദൂല്‍ ടാക്കൂറും രണ്ട് വിക്കറ്റുകള്‍ വീതവും മുഹമ്മദ് ഷമിയും ഹാര്‍ദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതവും നേടി. ശുഭ്മാന്‍ ഗില്ലാണ് കളിയില താരം.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *