കൊച്ചി: കലാകൈരളി കലാസാഹിത്യ സാംസ്‌കാരിക വേദിയുടെ മഹാത്മജി പുരസ്‌കാരത്തിന് എറണാകുളം ജില്ലയിലെ മുപ്പത്തടം സ്വദേശിയും ഗാന്ധിയനും കവിയും സാഹിത്യകാരനും പരിസ്ഥിതി സംരക്ഷകനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ശ്രീമന്‍ നാരായണനെ തിരഞ്ഞെടുത്തു. മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് വിവിധ പദ്ധതികള്‍ നടപ്പിലാക്കിയതിനും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും വേനല്‍ക്കാലത്ത് പക്ഷികള്‍ക്ക് ജീവജലം നല്‍കാന്‍ ഒരുലക്ഷത്തിലേറെ മണ്‍പാത്രങ്ങള്‍ സൗജന്യമായി വിതരണം ചെയ്തതിനുമാണ് പുരസ്‌കാരം. 25,678 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങിയ പുരസ്‌കാരം മാര്‍ച്ച് മാസത്തില്‍ സമ്മാനിക്കും. മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രിയുടെ പ്രത്യേക അഭിനന്ദനം ലഭിച്ച വ്യക്തിയാണ് ശ്രീമന്‍ നാരായണന്‍.
മഹാത്മാഗാന്ധിയുടെ ആത്മകഥാ പുസ്തകത്തിന്റെ ഇരുപത്തയ്യായിരത്തിലേറെ കോപ്പികളും ഗാന്ധിജിയുടെ ഫ്രെയിം ചെയ്ത അയ്യായിരത്തിലേറെ ചിത്രങ്ങളുമാണ് ശ്രീമന്‍ നാരായണന്‍ സൗജന്യമായി വിദ്യാലയങ്ങളിലും വീടുകളിലും വിതരണം ചെയ്തത്. ഗാന്ധിമരങ്ങള്‍ എന്ന പേരില്‍ സൗജന്യമായി ഗ്രാമത്തിലെ വിവിധ വീടുകളില്‍ ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ച് പരിപോഷിപ്പിച്ചുവരുന്നുണ്ട്. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 11000 ദേശീയപതാകകളും, കൊവിഡ് കാലത്ത് ഒരുലക്ഷത്തോളം തുണി മാസ്‌കുകളും ഇദ്ദേഹം സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്. നാല് ലക്ഷത്തോളം ഫലവൃക്ഷ ഔഷധ തൈകളും അരലക്ഷത്തിലേറെ തുണിസഞ്ചികളും ഇതിനകം സൗജന്യമായി വിതരണം ചെയ്ത ഇദ്ദേഹം, കഴിഞ്ഞ 30 വര്‍ഷമായി മലയാളത്തിലെ എല്ലാ പ്രമുഖ പത്രങ്ങളും, ഇംഗ്ലീഷ് പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വാങ്ങി പൊതുജനങ്ങള്‍ക്ക് വായിക്കാന്‍ നാട്ടിലെ ഇദ്ദേഹത്തിന്റെ ദ്വാരക ഹോട്ടലില്‍ പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.