മാഹി: മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുകയും, സമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ മാത്രമേ ഉത്തമരായ ഭാവി തലമുറയെ വളര്‍ത്തിയെടുക്കാനാവുകയുള്ളൂവെന്ന് മാഹി റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവ് രാജ് മീണ അഭിപ്രായപ്പെട്ടു. ചാലക്കര എക്‌സല്‍ പബ്ലിക് സ്‌കൂള്‍ ദ്വിദിന വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാഹി മേഖലയിലെ സര്‍ക്കാര്‍-സര്‍ക്കാരേതര വിദ്യാലയങ്ങള്‍ സമ്മേളിച്ച്, വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പ്രായോഗിക ചര്‍ച്ചകള്‍ നടത്തണമെന്നും അതുവഴി സാധാരണക്കാരായ കുട്ടികള്‍ക്കും ഉന്നത വിദ്യാഭ്യാസ നിലവാരം സ്വായത്തമാക്കാന്‍ അവസരം കൈവരിക്കാനാവണമെന്നും അഡ്മിനിസ്‌ട്രേറ്റര്‍ അഭിപ്രായപ്പെട്ടു. പഠിക്കാന്‍ കുട്ടികളും, പഠിപ്പിക്കാന്‍ യോഗ്യരായ അധ്യാപകരും ഉണ്ടായാല്‍ മാത്രം പോരാ, കുട്ടികളുടെ മനസറിയുന്ന ശാസ്ത്രീയ വീക്ഷണമുള്ള സമര്‍ത്ഥമായ മാനേജ്‌മെന്റുമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ സതി എം.കുറുപ്പ് അധ്യക്ഷത വഹിച്ചു. ബി.കെ മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.മോഹന്‍ ദീപം തെളിയിച്ചു. ശ്രീജി പ്രദീപ് കുമാര്‍, വേദിക സനില്‍ എന്നിവര്‍ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. വിദ്യാഭ്യാസ മേലധ്യക്ഷന്‍ ഉത്തമ രാജ് മാഹി മുഖ്യഭാഷണം നടത്തി. ഫ്‌ളവേഴ്‌സ് ടോപ്പ് സിംഗര്‍ വിന്നര്‍ ശ്രീനന്ദ് വിനോദ് , പി.വി.സിന്ധു ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ വിശിഷ്ടാതിഥികള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. വേദാന്ത്മിക സതിഷ് സ്വാഗതവും, അനി കൈറ്റ് ആര്‍. നമ്പ്യാര്‍ നന്ദിയും പറഞ്ഞു.