ബഫര്‍സോണ്‍ വനത്തിനുള്ളില്‍ നിജപ്പെടുത്തി കര്‍ഷകരേയും കൃഷിയിടങ്ങളേയും സംരക്ഷിക്കണം: ജോസ് കെ. മാണി

ബഫര്‍സോണ്‍ വനത്തിനുള്ളില്‍ നിജപ്പെടുത്തി കര്‍ഷകരേയും കൃഷിയിടങ്ങളേയും സംരക്ഷിക്കണം: ജോസ് കെ. മാണി

കോഴിക്കോട്: കേരളത്തിലെ പ്രത്യേക സാഹചര്യമനുസരിച്ച് ബഫര്‍സോണ്‍ വനത്തിനുള്ളില്‍ നിര്‍ബന്ധമായും നിജപ്പെടുത്തണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി ആവശ്യപ്പെട്ടു. ബഫര്‍സോണുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റി മുമ്പാകെ വിശദമായി വിഷയം പഠിച്ചതിനുശേഷം എഴുതി തയ്യാറാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കേരള കോണ്‍ഗ്രസ് എം ഉന്നയിച്ച ആവശ്യവും ഇതുതന്നെയാണ്.
കേരളത്തിലെ സാഹചര്യം രാജ്യത്തെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. രാജ്യത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ 1.1 ശതമാനം മാത്രമാണ് കേരളത്തിനുള്ളത്. എന്നാല്‍ രാജ്യത്തെ ജനസംഖ്യയുടെ 3.3 ശതമാനവും കേരളത്തിലാണുള്ളത്. 38863 ചതുരശ്ര കിലോ വിസ്തൃതിയുള്ള കേരളത്തിലെ 69.4 ശതമാനം പ്രദേശങ്ങളിലും വിവിധ പരിസ്ഥിതി നിയമങ്ങളുടെ നിയന്ത്രണങ്ങള്‍ ഉണ്ട്. സംസ്ഥാനത്തെ കേവലം 30.6% ഭൂപ്രദേശം മാത്രമാണ് ജനവാസമേഖലകള്‍ക്കായി ലഭ്യമായിട്ടുള്ളത്. ഭവന നിര്‍മ്മാണത്തിനും കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാന വികസന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഇനി ഭാവിയിലേക്കുള്ള ആവശ്യങ്ങള്‍ക്കായി ഇത്രയും ഭൂമി മാത്രമേ സംസ്ഥാനത്ത് ലഭ്യമായിട്ടുള്ളൂ ഇതു മാത്രമല്ല ഓരോ വര്‍ഷവും ജനസാന്ദ്രതയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുകയാണ്. നമ്മുടെ നഗരങ്ങള്‍ക്ക് നഗരപരിധി വിട്ട് വളര്‍ച്ചയുണ്ടായെങ്കില്‍ മാത്രമേ ഇനി കേരളത്തില്‍ ജനജീവിതം സാധ്യമാവുകയുള്ളൂ. ആ സാഹചര്യത്തില്‍ ഭൂലഭ്യതയുടെ കാര്യത്തില്‍ വളരെയേറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം നിലവില്‍ കര്‍ഷകരുടെ കൈവശം ഇരിക്കുന്ന ഭൂമിയും നിലവിലെ സ്വകാര്യഭൂമികളും റവന്യൂ ഭൂമികളും പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ കേരളത്തില്‍ ജനജീവിതം അസാധ്യമാകും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത.
കേരളത്തില്‍ 9438 ചതുരശ്ര കി.മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ റിസര്‍വ് വനമാണ്. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കുമായി 3476 ചതുരശ്ര കി.മീറ്റര്‍ വനം മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. ആകെ വനത്തിന്റെ 35% മാത്രമേ ഇക്കാര്യത്തിനായി വിനിയോഗിച്ചിട്ടുള്ളൂ. ബാക്കി 65 ശതമാനം റിസര്‍വ് വനങ്ങളുണ്ട്. ഈ വസ്തുതകളുടെ വെളിച്ചത്തിലാണ് സുപ്രീം കോടതി നിയോഗിച്ച സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മറ്റിയെയും കേന്ദ്ര മന്ത്രാലയത്തെയും ബഫര്‍സോണ്‍ വിഷയത്തില്‍ നടത്തേണ്ട നിയമപരമായ ഇടപെടലുകളുടെ ആവശ്യകതയെക്കുറിച്ച് കേരളാ കോണ്‍ഗ്രസ് എം ബോധ്യപ്പെടുത്തിയത്.
തുടര്‍ന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ച ഉപഗ്രഹ സര്‍വേക്ക് ഒപ്പം കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങള്‍ സംബന്ധിച്ച വിശദമായ ഗ്രൗണ്ട് സര്‍വേ നടത്തണമെന്ന ആവശ്യവും കേരളാ കോണ്‍ഗ്രസ് ഉന്നയിച്ചത്. കൃഷിയിടങ്ങള്‍, നിര്‍മ്മിതികള്‍, വാസസ്ഥലങ്ങള്‍, അടിസ്ഥാന സൗകര്യ വസ്തുതകള്‍ എന്നിവയെക്കുറിച്ചുള്ള വിശദമായ സ്ഥലപരിശോധന കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ നടത്തിവേണം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതെന്ന വ്യക്തമായ നിലപാടാണ് പാര്‍ട്ടി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത്. സര്‍ക്കാര്‍ തയ്യാറാക്കുന്ന സര്‍വേ റിപ്പോര്‍ട്ട് ജനങ്ങള്‍ക്ക് പരിശോധിക്കാനും പരാതിയുണ്ടെങ്കില്‍ അത് തല്‍കാനുള്ള അവസരം നല്‍കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാനും അതിനുള്ള സംവിധാനമേര്‍പ്പെടുത്താനും മുഖ്യമന്ത്രി തയ്യാറായി. പരാതികള്‍ നല്‍കാനുള്ള തീയതി നീട്ടി നല്‍കണമെന്ന കേരളാ കോണ്‍ഗ്രസിന്റെ ആവശ്യവും മുഖ്യമന്ത്രി അനുഭാവപൂര്‍വമാണ് അംഗീകരിച്ചത്. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടാണ് ഇനി സുപ്രീംകോടതി മൂന്നംഗ ബഞ്ചില്‍ സമര്‍പ്പിക്കേണ്ടത്. വസ്തുതകളുടെയും കണക്കുകളുടെയും പ്രായോഗികതയുടെയും അടിസ്ഥാനത്തിലാകണം ബഫര്‍സോണ്‍ നിശ്ചയിക്കേണ്ടത്. കേരളത്തിലേത് വനത്തിനുള്ളില്‍ നിജപ്പെടുത്തണമെന്നതാണ് പാര്‍ട്ടി നിലപാട്.

കേരളത്തിന്റെ വിശപ്പടക്കാന്‍ ഗ്രോ മോര്‍ ഫുഡ് പോലെയുള്ള പദ്ധതികള്‍ പ്രകാരം പ്രകൃതിയോട് മല്ലടിച്ച് കാലങ്ങള്‍ക്ക് മുമ്പേ കൃഷി ആരംഭിക്കുകയും ജീവിതം കെട്ടിപ്പടുക്കുകയും ചെയ്ത തലമുറകളുടെ മണ്ണാണിത്. ആ മണ്ണില്‍ നിന്നും മലയോര ജനതയെ കുടിയൊഴിപ്പിക്കാനുള്ള ഒരു നീക്കവും കേരള കോണ്‍ഗ്രസ് എം അനുവദിക്കില്ല. കര്‍ഷകന്റെ ഒരു തരി മണ്ണ്‌പോലും വിട്ടുകൊടുക്കാന്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടി അനുവദിക്കില്ല. കേരള ജനതയുടെ ജീവനും സ്വത്തിനും കൃഷിക്കും അപകടകരമാകുന്ന വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള സമഗ്ര പദ്ധതി ബഡ്ജറ്റില്‍ പ്രഖ്യാപിക്കണം. വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മനുഷ്യരുടെ ജീവന്റെയും സ്വത്തിന്റെയും സംരക്ഷണത്തിന് പ്രാമുഖ്യം ലഭിക്കത്തക്കവിധത്തില്‍ വനം-വന്യജീവി സംരക്ഷണ നിയമങ്ങള്‍ പൊളിച്ചെഴുതണം. 50 വര്‍ഷം പഴക്കമുള്ള നിയമമാണ് ഇപ്പോള്‍ ഇക്കാര്യത്തില്‍ നിലനില്‍ക്കുന്നത്.

മനുഷ്യര്‍ വനങ്ങളില്‍ കയറി കാടിനെയും മ്യഗങ്ങളെയും നശിപ്പിക്കാതിരിക്കാനാണ് നിലവിലെ നിയമം മുന്‍പ് നിര്‍മ്മിച്ചത്. പക്ഷേ ഇപ്പോള്‍ സാഹചര്യങ്ങള്‍ മാറി. മനുഷ്യര്‍ക്ക് വനാതിര്‍ത്തി പ്രദേശങ്ങളില്‍ സൈ്വരമായി ജീവിക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമായിരിക്കുന്നു. കാട്ടില്‍ നിന്നും വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി ചെയ്യുന്ന ആക്രമണങ്ങള്‍ പെരുകി. മനുഷ്യജീവനും കൃഷിയിടങ്ങള്‍ക്കും ഒരു സുരക്ഷിതത്വവുമില്ലാതെയായിരിക്കുന്നു. മൃഗങ്ങളുടെ ആക്രമണമുണ്ടാകുമ്പോള്‍ പ്രതിരോധത്തിനു ശ്രമിച്ചാല്‍ മനുഷ്യര്‍ ജയിലിലാകുന്നതാണ് നിലവിലെ നിയമം. ഇത് മനുഷ്യസമൂഹത്തിന് ഉപകാരപ്രദമാകും വിധം പരിഷ്‌കരിച്ചാലേ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയൂ. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കണം. കാടിറങ്ങി വന്യമൃഗങ്ങള്‍ നാട്ടിലില്‍ ആക്രമണം നടത്തുമ്പോള്‍ നടപടികള്‍ വൈകുന്നത് ഒഴിവാക്കണം. ആക്രമണകാരികളായ മൃഗങ്ങളെ കണ്ടാലുടന്‍ വെടിവക്കാനുള്ള ഉത്തരവുണ്ടാകണം. ഇതിനായി വനം-പരിസ്ഥിതി വകുപ്പുകള്‍ വനാതിര്‍ത്തിയില്‍ ഉദ്യോഗസ്ഥരുണ്ടെന്ന് ഉറപ്പാക്കണം.

2022 ജൂലൈ 3-9 തീയതികളില്‍ ജര്‍മനിയിലെ ബോണില്‍ നടന്ന ഇന്റര്‍ ഗവണ്‍മെന്റല്‍ സയന്‍സ് പോളിസി പ്ലാറ്റ് ഫോം ഓണ്‍ ബയോഡൈവേഴ്‌സിറ്റി ആന്റ് ഇക്കോ സിസ്റ്റം സര്‍വീസസ് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്ന പ്രകാരം ഓരോ വന്യജീവി സങ്കേതത്തിനും ഉള്‍ക്കൊള്ളാനാവുന്ന വന്യജീവികളെ മാത്രം വനത്തില്‍ നിലനിര്‍ത്തി ബാക്കിയുള്ളവയെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നാടുകടത്തുന്നതിനെപ്പറ്റിയോ മറ്റ് രീതിയില്‍ ഒഴിവാക്കുന്നതിനെപ്പറ്റിയോ ഗൗരവമായി ആലോചിക്കണം. വന്യജീവി ആക്രമണങ്ങളില്‍ സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ക്ക് വാഹനാപകട ഇന്‍ഷുറന്‍സ് മാതൃകയില്‍ നഷ്ടപരിഹാരം നല്‍കണം. ഇതിനായിമാത്രം ഒരു ട്രിബ്യൂണല്‍ രൂപീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *