കോട്ടയം: പാലാ നഗരസഭ അധ്യക്ഷയായി ജോസിന്‍ ബിനോ തെരഞ്ഞെടുക്കപ്പെട്ടു. നഗരസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് സി.പി.എം അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്. സ്ഥാനാര്‍ത്ഥിയായ ജോസിന്‍ ബിനോയ്ക്ക് 25ല്‍ 17 വോട്ടുകളാണ് ലഭിച്ചത്. എല്‍.ഡി.എഫിന്റെ മുഴുവന്‍ വോട്ടുകളും ജോസിന്‍ ബിനോയ്ക്ക് ലഭിച്ചു. യു.ഡി.എഫിന്റെ ഒരു വോട്ട് അസാധുവായി. സ്വതന്ത്ര്യ കൗണ്‍സിലര്‍ വോട്ട് ബഹിഷ്‌കരിച്ചു. സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബിനു പുളിക്കണ്ടത്തിന്റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് നേരത്തെ പരിഗണിച്ചിരുന്നെങ്കിലും കേരളാ കോണ്‍ഗ്രസിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ജോസിന്‍ ബിനോയിലേയ്ക്ക് എത്തുകയായിരുന്നു.
ഒരു വര്‍ഷത്തേക്കാണ് ജോസിന്‍ ബിനോ നഗരസഭ അധ്യക്ഷയാകുക. തുടര്‍ന്ന് രണ്ട് വര്‍ഷം കേരള കോണ്‍ഗ്രസ് എം പ്രതിനിധി അധ്യക്ഷ പദവിയിലെത്തും. ആറ് കൗണ്‍സിലര്‍മാരാണ് നഗരസഭയില്‍ സി.പി.എമ്മിനുള്ളത്. ഇതില്‍ ബിനു പുളിക്കണ്ടം മാത്രമാണ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച ഏക സ്ഥാനാര്‍ത്ഥി. ഇപ്പോഴാകട്ടെ ചിഹ്നത്തില്‍ വിജയിച്ച ഏക അംഗത്തെയാണ് പാര്‍ട്ടി തഴഞ്ഞത്.