കോട്ടയം: പാലായില്‍ കേരള കോണ്‍ഗ്രസ് എമ്മിനു മുന്‍പില്‍ മുട്ടുമടക്കി സി.പി.എം. നഗരസഭ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുന്നതിലാണ് സി.പി.എമ്മിന്റെ മുട്ടുമടക്കം. നഗരസഭയിലെ ഏക സി.പി.എം കൗണ്‍സിലറായ ബിനു പുളിക്കക്കണ്ടത്തെ ചെയര്‍മാനാക്കാനായിരുന്നു സി.പി.എമ്മിനു താല്‍പ്പര്യം. എന്നാല്‍, കേരള കോണ്‍ഗ്രസ്സിന്റെ ശക്തമായ എതിര്‍പ്പിനു മുന്‍പില്‍ ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കി ജോസിന്‍ ബിനോയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചു.
ചെയര്‍മാനെ സി.പി.എമ്മിന് തീരുമാനിക്കാമെന്ന് ജോസ് കെ. മാണി ഇന്നലെ മാധ്യമങ്ങള്‍ക്കു മുമ്പില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതേസമയം അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ ജയിച്ച ഏക സി.പി.എം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തെ ചെയര്‍മാനാക്കുന്നതില്‍ കേരള കോണ്‍ഗ്രസ് കനത്ത എതിര്‍പ്പ് രേഖപ്പെടുത്തുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പ് കൗണ്‍സില്‍ യോഗത്തില്‍ കേരള കോണ്‍ഗ്രസ് അംഗത്തെ ബിനു മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ മാണി ഗ്രൂപ്പുകാര്‍ വ്യാപകമായി നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.