വഴിയോര വിശ്രമകേന്ദ്രം തുറന്നു
തലശ്ശേരി: ഏറെ കാത്തിരിപ്പിനൊടുവില്‍ പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് 60 ലക്ഷത്തോളം രൂപ മുടക്കി പണിത വഴിയോര വിശ്രമകേന്ദ്രം (ടേക്ക് എ.ബ്രേക്ക്) തുറന്നു. തലശ്ശേരി എം.എല്‍.എയും നിയമസഭാ സ്പീക്കറുമായ അഡ്വ.എ.എന്‍.ഷംസീറാണ്ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്ത് നിരവധി വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ താന്‍ ഉദ്ഘാടനം ചെയ്തിട്ടുണ്ടെങ്കിലും എല്ലാറ്റിലും മനോഹരമായത് തലശ്ശേരിയിലേതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്തിനേയും ആക്ഷേപിക്കുക എന്നത് തലശ്ശേരിക്കാരുടെ പൊതു സ്വഭാവമാണ്. ഒ.വി റോഡ് പുനര്‍നിര്‍മ്മിക്കുമ്പോള്‍ ഞാനും അന്നത്തെ നഗരസഭാ ചെയര്മാന് സി.കെ രമേശനും ഇത് അനുഭവിച്ചതാണ്. ചിലര്‍ ചിലര്‍ക്കു വേണ്ടി ആസൂത്രിതമായി കള്ളക്കഥകള്‍ എഴുതും. കൂലി എഴുത്താണത്. പേന വാടകക്ക് എടുക്കുന്നവര്‍ ആര്‍ക്ക് വേണ്ടിയും എന്തും എഴുതും. ആരെയാണ് ഇത് ബാധിക്കുകയെന്ന് ഓര്‍ക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.
തലശ്ശേരി പുതിയ ബസ്സ്റ്റാന്റ് സദാനന്ദപൈ ജംഗ്ഷനില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ നഗരസഭാ അധ്യക്ഷ കെ.എം ജമുനാറാണി ടീച്ചര്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന ബഡ്സ് കലോത്സവത്തില്‍ ലളിതഗാന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ നഗരസഭാ ബഡ്സ് സ്കൂള്‍ വിദ്യാര്‍ഥിനി അഞ്ജനക്കും കെട്ടിടം പണിപൂര്‍ത്തീകരിച്ച കോണ്ട്രാക്ടര് സിദ്ദിഖിനും സ്പീക്കര്‍ ഉപഹാരം നല്കി. നഗരസഭ വൈസ് ചെയര്മാന് വാഴയില്‍ ശശി, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ടി.കെ സാഹിറ, നഗരസഭാംഗം തബസം, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.സി ജസ്വന്ത്, നഗരസഭാ സെക്രട്ടറി ബിജുമോന് ജേക്കബ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.രമേശന്, പൊന്ന്യം കൃഷ്ണന്, എം.പി അരവിന്ദാക്ഷന്, എം.പി സുമേഷ്, വരക്കൂല്‍ പുരുഷു, മുസ്തഫ, ഒതയോത്ത് രമേശന്, ജോര്‍ജ് പീറ്റര്‍, വര്‍ക്കി വട്ടപ്പാറനഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാര് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.