- ഫെബ്രുവരി 16 – ത്രിപുര
- ഫെബ്രുവരി 27 – മേഘാലയ, നാഗാലാന്‍ഡ്
- മാര്‍ച്ച് 2 – വോട്ടെണ്ണല്‍
ന്യൂഡല്‍ഹി: രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ മൂന്നിടത്തും മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്നു. മൂന്ന് സംസ്ഥാനങ്ങളിലുമായി 62.8 ലക്ഷം വോട്ടര്‍മാരാണ് പോളിംഗ് ബൂത്തിലേക്കെത്തുക. ഫെബ്രുവരി 16 ന് ത്രിപുരയിലും ഫെബ്രുവരി 27 ന് മേഘാലയിലും നാഗാലാന്റിലും തെരഞ്ഞെടുപ്പ് നടക്കും. മാര്‍ച്ച് രണ്ടിനാകും മൂന്നിടത്തും വോട്ടെണ്ണലെന്നും തിയ്യതി പ്രഖ്യാപനത്തിന് മുന്നോടിയായി മൂന്ന് സംസ്ഥാനങ്ങളിലെയും ഒരുക്കങ്ങള്‍ നേരിട്ട് വിലയിരുത്തിയതായി ഇലക്ഷന്‍ കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നാഗാലാന്‍ഡില്‍ മാര്‍ച്ച് 12നും മേഘാലയയില്‍ മാര്‍ച്ച് 15നും ത്രിപുരയില്‍ മാര്‍ച്ച് 22നും നിയമസഭയുടെ കാലാവധി അവസാനിക്കും. മൂന്നു സംസ്ഥാനങ്ങളിലുമായി 62.8 ലക്ഷം വോട്ടര്‍മാരാണുള്ളത്. മൂന്ന് സംസ്ഥാനങ്ങളിലുമായി 9,125 പോളിങ് സ്റ്റേഷനുകള്‍ തയ്യാറാക്കും. ഇവയില്‍ 70% പോളിങ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് ഉണ്ടായിരിക്കും. വോട്ടര്‍ ഐഡി കാര്‍ഡ് ഉള്‍പ്പെടെയുള്ള 12 തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ജനങ്ങള്‍ക്ക് വോട്ട് ചെയ്യാം. വ്യാജ വീഡിയോകള്‍ തടയാന്‍ പോളിങ് ബൂത്തിന് അകത്തും ബൂത്ത് നമ്പര്‍ അടക്കമുള്ളവ രേഖപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. വ്യാജ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് തടയുന്നതിനാണ് ഈ സംവിധാനം.
ലക്ഷദ്വീപ് ലോക്സഭാ സീറ്റിലെ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 27ന് വോട്ടെടുപ്പ് നടക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. ഫലപ്രഖ്യാപനം മാര്‍ച്ച് രണ്ടിന് നടക്കും. വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസല്‍ എം.പിയെ അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.