മാഹി: ആരോഗ്യ മേഖലയ്ക്ക് സ്വകാര്യ മേഖലയില്‍ നിന്നുള്ള ക്രിയാത്മക പിന്തുണ നല്‍കുന്ന മാഹി എം.എം.സിക്ക് ലഭിച്ച ദേശീയ സ്റ്റാര്‍ട്ട് അപ് പുരസ്‌കാരം മാഹിക്ക് അഭിമാനം നല്‍കുന്നതായി രമേശ് പറമ്പത്ത് എം.എല്‍.എ പറഞ്ഞു. മാഹി മെഡിക്കല്‍ ആന്റ് ഡയഗ്‌നോസിസ്റ്റിക്ക് സെന്റര്‍ എം.എം.സി രണ്ടാം വാര്‍ഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എം.സിക്ക് ലഭിച്ച അംഗീകാരം മാഹിയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ലഭിച്ച ദേശീയ പുരസ്‌കാരമാണെന്ന് മുഖ്യാഥിതിയായ എം.മുകുന്ദന്‍ പറഞ്ഞു. ചടങ്ങില്‍ വച്ച് മാഹി എം.എം.സിയിലെ ഡോക്ടര്‍മാരായ ഡോ.ഉദയകുമാര്‍, ഡോ.നൗഷാദ് അലി, ഡോ.അതുല്‍ ചന്ദ്രന്‍, ഡോ.നതാഷ അബ്ദുല്‍ കാദര്‍ , ഡോ.പ്രേംജിത് രവീന്ദ്രന്‍ , ഡോ.സനത് ഗോപി നമ്പ്യാര്‍ എന്നിവരെ എം.എം.സി ചെയര്‍മാന്‍ മന്‍സൂര്‍ പള്ളൂര്‍ ഷീല്‍ഡ് നല്‍കി ആദരിച്ചു.
കൊവിഡ് കാലത്ത് ആതുര സേവന രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തിയ ആരോഗ്യ പ്രവര്‍ത്തകരായ ആശാ വര്‍ക്കര്‍മാരേയും ചടങ്ങില്‍ ആദരിച്ചു. എം.എം.സി ചെയര്‍മാന്‍ മന്‍സൂര്‍ പള്ളൂര്‍ നിര്‍മിച്ച് പ്രേംനസീര്‍ പുരസ്‌കാരം നേടിയ ‘ഉരു’ സിനിമയുടെ ട്രെയ്ലര്‍ റിലീസും ചിത്രം തീയേറ്റര്‍ റിലീ(മാര്‍ച്ച് മൂന്നിന്)സ് പ്രഖ്യാപനവും എം. മുകുന്ദന്‍ ചടങ്ങില്‍ വച്ച് നിര്‍വഹിച്ചു. കലാ-സാഹിത്യ-സാമൂഹ്യ മേഖലയിലെന്നപോലെ ആതുര സേവന രംഗത്തും മികവ് തെളിയിച്ച മന്‍സൂര്‍ പള്ളൂരിനെ വിശിഷ്ട വ്യക്തികള്‍ പൊന്നാട അണിയിച്ചു. ‘ഉരു’ സംവിധായകന്‍ ഇ.എം അഷ്റഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ദാമോധരന്‍ മാസ്റ്റര്‍ ,സോമന്‍ പന്തക്കല്‍ , ചാലക്കര പുരുഷു , നവാസ് മേത്തര്‍ എന്നിവര്‍ സംസാരിച്ചു. മന്‍സൂര്‍ പള്ളൂരിന്റെ ഡോക്യൂമെന്ററിയുടെ പ്രദര്‍ശനവും , സി.എച്ച് മുഹമ്മദാലിയും അനന്യയും ചേര്‍ന്ന് ‘സുബൈദയുടെ ആയത്’ എന്ന നാടകവും അവതരിപ്പിച്ചു. തുടര്‍ന്ന് എം.എം.സി കുടുംബാംഗങ്ങളുടെ കലാപരിപാടികളും ഫ്യൂഷന്‍ മ്യുസിക്കും അരങ്ങേറി.