കോഴിക്കോട്: ഗ്വാളിയോര്‍ റയോണ്‍സിന്റെ കൈവശമുള്ള ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രവാസി അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും നിലവില്‍ സര്‍ക്കാരും ഗ്വാളിയോര്‍ റയോണ്‍സും തമ്മിലുള്ള കേസില്‍ കക്ഷി ചേരുമെന്നും കേരള പ്രവാസി അസോസിയേഷന്‍ ദേശീയ ചെയര്‍മാന്‍ രാജേന്ദ്രന്‍ വെള്ളപ്പാലത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2001ല്‍ കമ്പനി പൂട്ടിയെങ്കിലും 264 ഏക്കര്‍ ഭൂമി ഇപ്പോഴും കമ്പനിയുടെ കൈവശമാണുള്ളത്. കമ്പനിക്ക് ഭൂമി കൈമാറുന്ന കാലത്ത് ഉണ്ടാക്കിയ ഉടമ്പടിപ്രകാരം വുഡ് പള്‍പ്പ് ഫാക്ടറി നിര്‍ത്തുമ്പോള്‍ ഭൂമി തിരിച്ചു നല്‍കണമെന്നതായിരുന്നു. അല്ലാത്തപക്ഷം സര്‍ക്കാരിന് പിടിച്ചെടുക്കാനും വ്യവസ്ഥയുണ്ടായിരുന്നു. കമ്പനി പൂട്ടി രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഭൂമി ഏറ്റെടുക്കല്‍ നടപ്പിലാക്കാതിരുന്നത് ദുരൂഹമാണ്.
21-03-2006ന് മുപ്പത് ദിവസത്തിനകം കെട്ടിടം പൊളിച്ചുമാറ്റി ഭൂമി വിട്ടുപോകണമെന്ന സര്‍ക്കാര്‍ ഉത്തരവും നടപ്പിലായിട്ടില്ല. നിലവിലുള്ള കേസില്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്ന് ഫലപ്രദമായി ഇടപെടലുണ്ടാകുന്നില്ലെന്നും അഡ്വക്കറ്റ് ജനറലിന്റെ ഓഫിസാണ് ഹൈക്കോടതിയില്‍ ഹാജരാകേണ്ടതെങ്കിലും ഗവ.അഭിഭാഷകര്‍ തുടര്‍ച്ചയായി അഞ്ച് സിറ്റിങ്ങുകളില്‍ ഹാജരായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. മലബാറിന്റെ വികസനത്തില്‍ വലിയ മുന്നേറ്റവും ആയിരക്കണക്കിന് യുവജനങ്ങള്‍ക്ക് തൊഴിലും നല്‍കുന്ന സംരംഭങ്ങള്‍ ആരംഭിക്കാന്‍ സാധ്യതയുള്ള ഈ സ്ഥലം ഏറ്റെടുത്ത് സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കുകയോ, പ്രവാസികളടക്കമുള്ള പരിചയ സമ്പന്നരായ സംരംഭകര്‍ക്ക് നടത്തിപ്പിന് നല്‍കുകയോ ചെയ്യണം. ഗ്രാസിം ഭൂമിയിലെ വ്യവസായ സാധ്യത ആരാഞ്ഞ് മാര്‍ച്ച് രണ്ടാംവാരം മാവൂരില്‍ സെമിനാര്‍ സംഘടിപ്പിക്കും. മലബാറിന്റെ വികസന സാധ്യതകള്‍ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ രാഷ്ട്രീയ നേതാക്കളേയും വിദഗ്ധരേയും പങ്കെടുപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി മന്‍സൂര്‍ മണ്ണില്‍, ബി.സനില്‍ എന്നിവരും പങ്കെടുത്തു.