പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ – ലിജോ ജോസ് ചിത്രം മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ ആരംഭിച്ചു. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മവും ഇന്ന് രാവിലെ ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്നു. ചടങ്ങില്‍ മോഹന്‍ലാല്‍, ലിജോ ജോസ് പെല്ലിശ്ശേരി, മറ്റു താരങ്ങള്‍, ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഷിബു ബേബി ജോണ്‍ (ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവ്), കൊച്ചുമോന്‍ (സെഞ്ച്വറി ഫിലിംസ്) , അനൂപ് (മാക്‌സ് ലാബ്) എന്നിവര്‍ സന്നിഹിതരായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍ എന്ന ചിത്രത്തിന് ശേഷം പി. എസ് റഫീക്കാണ് മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്. ചുരുളിക്ക് ശേഷം മധു നീലകണ്ഠന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് ആണ്. പി.ആര്‍.ഓ പ്രതീഷ് ശേഖര്‍. രാജസ്ഥാനില്‍ പൂര്‍ണമായും ചിത്രീകരിക്കുന്ന ബിഗ് ബഡ്ജറ്റ് മോഹന്‍ലാല്‍ ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ പല പ്രഗത്ഭതാരങ്ങളും അഭിനയിക്കുന്നുണ്ട്.