തിരുവനന്തപുരം: പോലിസില്‍ ഗുണ്ടാബന്ധമുള്ള പോലിസുകാരെ കണ്ടെത്താന്‍ ജില്ലാ തല പരിശോധനക്ക് ഡി.ജി.പി നിര്‍ദേശം. എസ്.ഐമാരെയും പോലിസുകാരടെയും പ്രവര്‍ത്തനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ജില്ലാ പോലിസ് മേധാവിമാര്‍ക്കുള്ള നിര്‍ദേശം. കൂടാതെ രഹസ്യവിവരങ്ങള്‍ നല്‍കേണ്ട സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ഗുണ്ടാ സംഘങ്ങളുടെ ഒത്തുചേരലില്‍ പങ്കെടുത്തുവെന്ന ആരോപണം അന്വേഷിക്കും. അന്വേഷിക്കാന്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജിപി ഉത്തരവിട്ടിട്ടുണ്ട്. രഹസ്യ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളുണ്ടാകുമെന്ന് ഉന്നത പോലിസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
അതേസമയം തിരുവനന്തപുരം നഗരത്തിലും- മംഗലപുരത്തുമുണ്ടായ. ഗുണ്ടാ ആക്രമണങ്ങളില്‍ ഗുണ്ടാനേതാക്കള്‍ ഉല്‍പ്പെടെ ഒളിവിലുള്ള പ്രതികളെ പിടികൂടാന്‍ പോലിസിന് ഇതേവരെ കഴിഞ്ഞിട്ടില്ല. പാറ്റൂര്‍ കേസന്വേഷിച്ചിരുന്നു ഉദ്യോഗസ്ഥനും മംഗലപുരം എസ്.എച്ച്.ഒയും സസ്‌പെന്‍ഷനിലായതോടെ പുതിയ അന്വേഷണ ഉദ്യോഗസ്ഥരെ പകരം നിയമിക്കേണ്ടതുണ്ട്.
തലസ്ഥാനത്ത് ഗുണ്ടാ- പോലിസ് ബന്ധം പുറത്തുവരുകയും ഡിവൈ.എസ്.പിമാര്‍ക്കും ഇന്‍സ്‌പെക്ടര്‍മാര്‍ക്കുമെതിരായ നടപടി സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തുടരന്വേഷണത്തിനുള്ള തീരുമാനം. ഇന്റലിജന്‍സ് എ.ഡി.ജി.പിയുടെ നിര്‍ദേശപ്രകാശം സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്‌പെക്ര്‍മാരുടെയും ഡിവൈ.എസ്.പിമാരുടെയും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നുണ്ട്. ഓരോ സ്റ്റേഷനിലെയും പോലിസുകാരുടെയും എസ്.ഐമാരുടെയും പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് ജില്ലാ പോലിസ് മേധാവിമാര്‍ക്കുള്ള നിര്‍ദ്ദേശം. ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിമാര്‍ റിപ്പോര്‍ട്ട് തയ്യാറാക്കണം.
അതേസമയം ജില്ലകളില്‍ ഗുണ്ടാ-മാഫിയ ബന്ധമുള്ള പോലിസുകാരെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ചില ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിമാര്‍ വീഴ്ചവരുത്തുന്നുണ്ടെന്ന വിലയിരുത്തല്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കുണ്ട്. അതിനാല്‍ ജില്ലാ പോലിസ് മേധാവിമാരുടെയും സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിമാരുടെയും യോഗം വൈകാതെ വിളിക്കും. പോലിസുകാരുടെ പ്രവര്‍ത്തനങ്ങള്‍ രഹസ്യമായി പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യേണ്ട സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി തന്നെ ആരോപണ വിധേയനായ സാഹചര്യത്തിലാണ് പ്രത്യേക യോഗം വിളിക്കുന്നത്.