കൊച്ചി: പോപുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താല്‍ ആക്രമകേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. കേസിനോടനുബന്ധിച്ചുള്ള ജപ്തി നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. നടപടികള്‍ പൂര്‍ത്തിയാക്കി ജില്ലാടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് ഈ മാസം 23നകം നല്‍കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നടപടികള്‍ വൈകുന്നതില്‍ അതൃപ്തി വ്യക്തമാക്കിയ ഡിവിഷന്‍ ബെഞ്ച് ജപ്തി നടപടികള്‍ക്ക് നോട്ടീസ് നല്‍കേണ്ടതില്ലെന്നും ജസ്റ്റിസുമാരായ എ.കെ ജയശങ്കരന്‍ നമ്പ്യാര്‍, സി.പി മുഹമ്മദ് നിയാസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. ജില്ലാ അടിസ്ഥാനത്തില്‍ ഏതൊക്കെ നേതാക്കളുടെ സ്വത്തുക്കള്‍ കണ്ടു കെട്ടി എന്നുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ സമര്‍പ്പിക്കേണ്ടതെന്നും കോടതി ഓര്‍മ്മിപ്പിച്ചു.
മിന്നല്‍ ഹര്‍ത്താലിനിടെ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള കോടതി ഉത്തരവ് നടപ്പാക്കാന്‍ വീണ്ടും സമയം ചോദിച്ചതാണ് കോടതി വിമര്‍ശനത്തിന് കാരണമായത്. ഉത്തരവ് നടപ്പാക്കാന്‍ എന്താണ് വിമുഖതയെന്ന് ചോദിച്ച കോടതി പൊതുമുതല്‍ നശിപ്പിക്കുന്നത് നിസാരമായി കാണാനാകില്ലെന്ന് വ്യക്തമാക്കി.
മിന്നല്‍ ഹര്‍ത്താലാക്രമണത്തില്‍ പി.എഫ്.ഐയില്‍ സംഘടനയില്‍ നിന്നും സംഘടനാ ഭാരവാഹികളില്‍ നിന്നും 5. 2 കോടി രൂപ നഷ്ടപരിഹാരം ഈടാക്കാനും , തുക കെട്ടിവയ്ക്കാത്ത പക്ഷം അബ്ദുള്‍ സത്താറിന്റെയടക്കം സ്വത്തുവകകള്‍ കണ്ടുകെട്ടാനുമായിരുന്നു സെപ്റ്റംബര്‍ 29 ലെ ഇടക്കാല ഉത്തരവ്.