നാദാപുരം: അഞ്ചാംപനി വ്യാപകമായ പ്രദേശങ്ങളില്‍ മതസംഘടനകളുടേയും ആരോഗ്യപ്രവര്‍ത്തകരുടേയും ജനപ്രതിനിധികളുടേയും സന്നദ്ധപ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ ഗൃഹവലയം തീര്‍ക്കാന്‍ പഞ്ചായത്തില്‍ ചേര്‍ന്ന വിവിധ മതസംഘടനകളുടെ യോഗം തീരുമാനിച്ചു. 6,7,16, 17 വാര്‍ഡുകളിലാണ് കൂടുതല്‍ അഞ്ചാംപനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നിലവില്‍ 25 രോഗികള്‍ ഉണ്ടായിരുന്നത് ഇന്ന് ഒരു കുട്ടിക്ക് കൂടി രോഗം ബാധിച്ചതിനാല്‍ ആകെ 26 രോഗികള്‍ ആയിട്ടുണ്ട്. വെള്ളിയാഴ്ച പള്ളികളില്‍ ബോധവല്‍ക്കരണം നടത്തുവാനും , മദ്രസകളില്‍ കുട്ടികള്‍ അഞ്ചാം പനിക്കെതിരേ വാക്‌സിന്‍ എടുത്തുവെന്ന് ഉറപ്പുവരുത്താനും എടുക്കാത്ത കുട്ടികള്‍ക്ക് ആവശ്യമെങ്കില്‍ മദ്രസകളില്‍ വാക്‌സിന്‍ ക്യാമ്പ് നടത്തുവാനും യോഗം തീരുമാനിച്ചു.
അയല്‍ക്കൂട്ടതലങ്ങളില്‍ പ്രത്യേക ബോധവല്‍ക്കരണം നടത്തുവാനും വര്‍ഷങ്ങളായി കുട്ടികള്‍ക്ക് അഞ്ചാം പനിക്കെതിരേ നല്‍കി വരുന്ന വാക്‌സിന്‍ പൂര്‍ണമായും സുരക്ഷിതമുള്ളതും മറ്റ് സ്ഥലങ്ങളില്‍ കുട്ടികള്‍ക്ക് നല്‍കി വരുന്നതാണെന്നും വാക്‌സിന്‍ എടുക്കാത്ത കൂടുതല്‍ കുട്ടികളുള്ളതായി റിപ്പോര്‍ട്ട് ചെയ്ത നാദാപുരത്ത് ദ്രുതപ്രവര്‍ത്തനം നടത്തി മുഴുവന്‍ കുട്ടികള്‍ക്കും ജനുവരി മാസത്തില്‍ തന്നെ വാക്‌സിന്‍ നല്‍കാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് , ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.കെ ഹമീദ്, ഡോ.എന്‍.കെ ഹാരിസ് , ഡോക്ടര്‍ അബ്ദുല്‍ റസാക്ക് എന്നിവര്‍ നിലവില്‍ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിശദികരിച്ച് സംസാരിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി.കെ നാസര്‍ , എം.സി സുബൈര്‍ , മെമ്പര്‍ പി.പി ബാലകൃഷ്ണന്‍ നാദാപുരം ഖാസി മേനകോത്ത് കുഞ്ഞബ്ദുള്ള മുസ്ലിയാര്‍, ചേലക്കാട് ഖാസി അബൂബക്കര്‍ ഫൈസി, വിഷ്ണുമംഗലം മഹാവിഷ്ണു ക്ഷേത്രം ഭാരവാഹി പി.പി ഗംഗാധരന്‍ , ആവോലം അയ്യപ്പക്ഷേത്രം ടി.കെ രവീന്ദ്രന്‍ , കല്ലാച്ചി ജുമാ മസ്ജിദ് മൗലവി കെ.പി സുബൈര്‍ , സി.വി അമ്മദ് , ഇ.പി കുമാരന്‍, ടി.കെ റഫീഖ് റിയാസ് എലിക്കില്‍ , ഇമ്പിച്ചിക്കോയ തങ്ങള്‍ പി.പി ബാലകൃഷ്ണന്‍ , എച്ച്.ഐ സതീഷ് ബാബു. കെ.എം.കെ രാജേഷ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 1003 വീടുകളില്‍ ഇന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ലഘുലേഖകള്‍ വിതരണം ചെയ്തു.