കേന്ദ്രം ഫെഡറലിസം തകര്‍ക്കാന്‍ ശ്രമിക്കുന്നു; ബി.ജെ.പി ഇന്ത്യന്‍ ജനാധിപത്യത്തിന് ഭീഷണി: പിണറായി വിജയന്‍

കേന്ദ്രം ഫെഡറലിസം തകര്‍ക്കാന്‍ ശ്രമിക്കുന്നു; ബി.ജെ.പി ഇന്ത്യന്‍ ജനാധിപത്യത്തിന് ഭീഷണി: പിണറായി വിജയന്‍

ഹൈദരാബാദ്: കേന്ദ്രസര്‍ക്കാര്‍ ഫെഡറലിസം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനങ്ങളുടെ അധികാരങ്ങളില്‍ കൈകടത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കേന്ദ്രനയങ്ങള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. മുന്നോട്ടുള്ള യാത്രകള്‍ ഒന്നിച്ചാകാമെന്നും പ്രതിപക്ഷ ഐക്യം അനിവാര്യമാണെന്നും ഖമ്മത്ത് നടന്ന പ്രതിപക്ഷ മഹാറാലിയില്‍ മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഒരു രാജ്യം ഒരു ടാക്‌സ്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഒരു രാജ്യം ഒരു യൂണിഫോം – ഇതെല്ലാം ഫെഡറല്‍ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ്. സുപ്രധാന തീരുമാനങ്ങളെടുക്കുമ്പോള്‍ കേന്ദ്രം സംസ്ഥാനങ്ങളോട് ആലോചിക്കുന്നത് പോലുമില്ല. ഗവര്‍ണറുടെ ഓഫിസ് ഉപയോഗിച്ച് സംസ്ഥാനത്തിന്റെ അധികാരത്തിന് മേല്‍ കുതിര കയറുകയാണ്. ഇതിനുദാഹരണമാണ് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗത്തെ ഗവര്‍ണറുടെ ഇടപെടല്‍. പാര്‍ലമെന്ററി ജനാധിപത്യസംവിധാനം തകര്‍ക്കാനാണ് ശ്രമിക്കുന്നത്.

ഇപ്പോള്‍ അധികാരത്തിലുള്ളവര്‍ക്ക് ഇന്ത്യ എങ്ങനെ നിര്‍മ്മിക്കപ്പെട്ടുവെന്നറിയില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ അവരുണ്ടായിരുന്നില്ല. സ്വതന്ത്ര മതനിരപേക്ഷ പരമാധികാര റിപ്പബ്ലിക്കാണ് നമ്മുടേത്. കോര്‍പ്പറേറ്റ് പ്രീണനത്തിനാണ് ഇപ്പോള്‍ അധികാരത്തിലുള്ളവര്‍ ശ്രമിക്കുന്നത്. ആളുകളെ മതപരമായി ഭിന്നിപ്പിക്കുന്ന സി.എ.എ പോലുള്ള നിയമങ്ങളുണ്ടാക്കാനാണ് ഇപ്പോള്‍ രാജ്യത്തിന്റെ അധികാരത്തിലുള്ളവര്‍ ശ്രമിക്കുന്നതെന്നും ബി.ജെ.പി ഇന്ത്യന്‍ ജനാധിപത്യത്തിന് ഭീഷണിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളവും ഇവിടത്തെ ജനങ്ങളും കെ.സി.ആറിനൊപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെലങ്കാന മുഖ്യമന്ത്രി കെ.സി.ആറിനെ അഭിനന്ദിച്ച് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചത്. കേന്ദ്രസര്‍ക്കാരിനെതിരേ ശക്തമായ നിലപാടെടുക്കുന്നതിലും സമാന മനസ്‌കരായ സംസ്ഥാന മുഖ്യമന്ത്രിമാരെയും പരിപാടിയിലേക്ക് ക്ഷണിച്ചതിനുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രശംസ. തെലങ്കാനയിലെ ഭൂസമരങ്ങള്‍ അനുസ്മരിച്ചായിരുന്നു പിണറായി വിജയന്റെ പ്രസംഗം.

Share

Leave a Reply

Your email address will not be published. Required fields are marked *