കോഴിക്കോട്: ഓഡിറ്റോറിയങ്ങളില്‍ പാചകം ചെയ്യുന്നവരും ഭക്ഷ്യസുരക്ഷാ ലൈസന്‍സ് എടുത്തിരിക്കണമെന്ന് ആരോഗ്യമന്ത്രി വീണജോര്‍ജ് പറഞ്ഞു. കാറ്ററിങ് സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാണ്. പച്ചമുട്ട ഉപയോഗിച്ച് മയൊണൈസ് തയ്യാറാക്കാന്‍ പാടില്ലെന്ന നിരോധനം നിലവിലുണ്ട്. വെജിറ്റബിള്‍ മയൊണൈസോ, പാസ്ചറൈസ് ചെയ്ത മയൊണൈസോ ഉപയോഗിക്കാമെന്ന് ഹോട്ടലുകളും റസ്‌റ്റോറന്റുകളും നല്‍കിയ ഉറപ്പ് പാലിക്കപ്പെടണം. പാഴ്‌സല്‍ നല്‍കുന്ന സമയവും എത്ര സമയത്തിനുള്ളില്‍ ഉപയോഗിക്കണമെന്നതും സ്റ്റിക്കറില്‍ രേഖപ്പെടുത്തണം. ജീവനക്കാര്‍ക്ക് ഹെല്‍ത്ത്കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ശുചിത്വം ഉറപ്പാക്കാന്‍ സ്ഥാപനത്തിലൊരാള്‍ക്ക് സൂപ്പര്‍വൈസര്‍ ചുമതല നല്‍കണം. ഒരിക്കല്‍ ലൈസന്‍സ് നല്‍കിയാലും നിശ്ചിത ഇടവേളകളില്‍ പരിശോധന നടത്തും. എല്ലാവരും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശീലനം നേടിയിരിക്കണം. ലൈസന്‍സിനായി ഏകീകൃത പ്ലാറ്റ്‌ഫോം നടപ്പാക്കുന്നത് പരിഗണിക്കും. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ വൃത്തിയുടെ അടിസ്ഥാനത്തില്‍ ഹോട്ടലുകള്‍ക്ക് ഹൈജീന്‍ റേറ്റിങ് വരും. പൊതുജനങ്ങള്‍ക്ക് റേറ്റിങ് നല്‍കാനുള്ള ആപ്പ് ഉടന്‍ പുറത്തിറക്കും. ഓഡിറ്റോറിയങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യേണ്ടത് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യയുടെ ലൈസന്‍സുള്ള സ്ഥാപനങ്ങളായിരിക്കണം. ഓഡിറ്റോറിയങ്ങളിലെ വെള്ളം പരിശോധനകള്‍ക്ക് വിധേയമാക്കും. സംസ്ഥാനതലത്തില്‍ ടാസ്‌ക്ക് ഫോഴ്‌സ് രൂപീകരിക്കും. രഹസ്യ സ്വഭാവത്തിലായിരിക്കും ടാസ്‌ക്ക് ഫോഴ്‌സിന്റെ പ്രവര്‍ത്തനം.