തിരുവനന്തപുരം: ശശി തരൂരിനെ പ്രവര്‍ത്തക സമിതിയിലേക്ക് കൊണ്ടുവരണ്ട എന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വമെന്നാണ് സൂചന. തരൂരിന് പകരം രമേശ് ചെന്നിത്തലയായിരിക്കും പ്രവര്‍ത്തക സമിതിയില്‍ അംഗമാവുക എന്നതാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ശശി തരൂരിനെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍ക്കൊള്ളിക്കുന്നതിനെതിരെ കടുത്ത എതിര്‍പ്പാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഉയര്‍ത്തിയത്. കേരളത്തിന്റെ ചുമതലയുള്ള ഐ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറോട് കേരളാ നേതാക്കള്‍ ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തു. ഗ്രൂപ്പ് ഭേദമന്യേ ശശി തരൂരിനെതിരെ ശക്തമായ വികാരമാണ് ഉയര്‍ന്നത്. കെ. മുരളീധരനെപോലുള്ള ഏതാനും ചില എം.പിമാര്‍ മാത്രമാണ് തരൂരിനൊപ്പം നിലകൊള്ളുന്നതെന്നും ബാക്കിയുള്ള നേതാക്കളെല്ലാം തരൂരിനെ ശക്തമായി എതിര്‍ക്കുന്നവരാണെന്നും താരിഖ് അന്‍വര്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.
ഫെബ്രുവരിയില്‍ റായ്പൂരിലാണ് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം ചേരുന്നത്. വര്‍ക്കിംഗ് കമ്മിറ്റിയിലേക്കുള്ള നാമനിര്‍ദേശവും അപ്പോഴായിരിക്കും. തന്നെ വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് നിയോഗിച്ചില്ലെങ്കില്‍ മല്‍സരിക്കാനാണ് തരൂരിന്റെ തിരുമാനം. വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് മല്‍സരം ഉണ്ടായാല്‍ അത് വീണ്ടും കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.