ദുബായ്: ഗള്‍ഫ് നാടുകളില്‍ നിന്ന് ഇന്ത്യയിലേക്ക് പോകുന്ന പ്രവാസികളുടെ സാധനങ്ങള്‍ വിമാനത്താവളത്തില്‍ നിന്ന് വ്യാപകമായി മോഷണപോകുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഇതിനെതിരേ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകനും ചിരന്തന പ്രസിഡന്റുമായ പുന്നക്കന്‍ മുഹമ്മദലി ആവശ്യപ്പെട്ടു. കരിപ്പൂരിലേക്ക് വന്ന ഒട്ടേറെ പ്രവാസി യാത്രക്കാരുടെ വില പിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോയിട്ടുണ്ടെന്നും, വിമാനത്താവള കരാര്‍ തൊഴിലാളികളെ ഇത്തരം കേസുകളില്‍ പിടിക്കപ്പെട്ടിട്ടും കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. വിമാന ടിക്കറ്റ് എടുക്കുന്നത് മുതല്‍ യാത്രക്കാര്‍ വിമാനം ഇറങ്ങുന്നത് വരെ വിമാന കമ്പനിക്ക് വലിയ ഉത്തരവാദിത്വമുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ സാധനങ്ങള്‍ മോഷണം പോയ യാത്രക്കാര്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ട് നടപടികള്‍ സ്വീകരിക്കുവാനോ യാത്രക്കാരെ സമാശ്വസിപ്പിക്കുവാന്‍ പോലും അധികൃതര്‍ മുന്നോട്ട് വരാത്തത് പ്രതിഷേധാര്‍ഹമാണെന്ന് പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു.
സ്‌പൈസ്‌ജെറ്റ്, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ-എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന കമ്പനികളും ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്ന രീതികള്‍ ശരിയല്ലെന്നും, യാത്രക്കാരുടെ ലഗേജുകള്‍ വിമാനത്തിനടിയില്‍ കാര്‍ഗോ കണ്ടെയിനറുകളില്‍ നിറക്കുന്നിടത്ത് ബന്ധപ്പെട്ട വിമാന കമ്പനികളുടെ സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധ അത്യാവശ്യമാണെന്നും അതിനാല്‍ ഈ കാര്യത്തില്‍ അടിയന്തരമായി ഇടപെടുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് കേരള മുഖ്യമന്ത്രി, എം.പിമാര്‍ എന്നിവര്‍ക്ക് നിവേദനം സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.