കൊച്ചി: എസ്.എന്‍ ട്രസ്റ്റിന്റെ ബൈലോ ഭേദഗതി ചെയ്ത് ഹൈക്കോടതി. വഞ്ചനാക്കുറ്റത്തിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും പ്രതികളായവര്‍ ട്രസ്റ്റിന്റെ ഭാരവാഹികളായി തുടരാന്‍ പാടില്ലന്നും ഇങ്ങനെയുള്ളവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ഹൈക്കോടതി. യോഗത്തിന്റെ ബൈലോയില്‍ മാറ്റം വരുത്തിക്കൊണ്ടാണ് ഈ നിര്‍ദേശം. ഇതോടെ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടക്കമള്ളവര്‍ക്ക് നേതൃത്വത്തില്‍ തുടരാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.
മുന്‍ ട്രസ്റ്റ് അംഗം അഡ്വ. ചെറിന്നിയൂര്‍ ജയപ്രകാശ് നല്‍കിയ ഹര്‍ജിയിലാണ് എസ്.എന്‍ ട്രസ്റ്റിന്റെ ബൈലോ പുതുക്കിക്കൊണ്ട് ഹൈക്കോടതി ഈ നിര്‍ദേശം പുറപ്പെടുവിച്ചത്. എസ്.എന്‍ ട്രെസ്റ്റിന്റെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കാന്‍ ഇത്തരത്തിലൊരു ഭേദഗതി വേണം എന്നായിരുന്നു അഡ്വ. ചെറിന്നിയൂര്‍ ജയപ്രകാശ് വാദിച്ചത്.
എസ്.എന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട സ്വത്ത് കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ഭാരവാഹിയായി ഇരുന്നാല്‍ കേസ് നടപടികള്‍ കാര്യക്ഷമമായി നടക്കില്ലെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ഏതെങ്കിലും വ്യക്തിയെ ഉദ്ദേശിച്ച് ബൈലോയില്‍ മാറ്റം വരുത്തുകയല്ല കോടതി ചെയ്തത്. മറിച്ച് നിയമത്തില്‍ തന്നെ ഭേദഗതി വരുത്തുകയാണ്.