കൊച്ചി: ജനുവരി 30, 31 തീയതികളില്‍ ബാങ്ക് ഓഫിസര്‍മാരുടെയും ജീവനക്കാരുടെയും സംഘടനകളുടെ അഖിലേന്ത്യ പണിമുടക്ക്. സംഘടനകളുടെ ഐക്യവേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍സ് (യു.എഫ്.ബി.യു) ആണ് പണിമുടക്കിന് നോട്ടീസ് നല്‍കിയത്. യു.എഫ്.ബി.യു ഉന്നയിച്ച വിവിധ ആവശ്യങ്ങളില്‍ നടപടി എടുക്കുന്നതിലും ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടാക്കുന്നതിലും ബാങ്ക് മാനേജ്‌മെന്റുകളുടെ സംയുക്ത വേദിയായ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ (ഐ.ബി.എ) പുലര്‍ത്തുന്ന നിസ്സംഗതയും മൗനവുമാണ് പണിമുടക്ക് ആഹ്വാനത്തിന് കാരണമായി പറയുന്നത്.
ആഴ്ചയില്‍ അഞ്ച് പ്രവൃത്തിദിനം, മുന്‍പ് വിരമിച്ചവരുടെ പെന്‍ഷന്‍ പരിഷ്‌കരണം, ഇടപാടുകാര്‍ക്കുള്ള സേവനം മെച്ചപ്പെടുത്താന്‍ എല്ലാ ഒഴിവുകളിലും നിയമനം, പുതിയ പെന്‍ഷന്‍ സമ്പ്രദായം പിന്‍വലിച്ച് പഴയത് പുനഃസ്ഥാപിക്കല്‍, കാലാവധി പൂര്‍ത്തിയായ ശമ്പള കരാര്‍ പുതുക്കാന്‍ അവകാശപത്രികയുടെ അടിസ്ഥാനത്തില്‍ ഉടന്‍ നടപടി എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കുന്നത്.
28ന് നാലാം ശനിയും 29ന് ഞായറാഴ്ചയും ബാങ്കുകള്‍ക്ക് അവധിയാണ്. അടുത്ത രണ്ട് ദിവസം പണിമുടക്കും ഉണ്ടായാല്‍ തുടര്‍ച്ചയായി നാല് ദിവസം രാജ്യത്ത് ബാങ്കുകളുടെ പ്രവര്‍ത്തനം നിലക്കും.