ന്യൂമാഹി: ജില്ലാ പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ന്യൂമാഹി എം. മുകുന്ദന്‍ പാര്‍ക്കിലേക്കുള്ള പ്രവേശന ഫീസ് കുറക്കണമെന്ന് ന്യൂമാഹി പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. സാധാരണക്കാരായ ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്ത നിലവിലുള്ള പ്രവേശന ഫീസ് 50 രൂപയില്‍ നിന്നു പരമാവധി കുറക്കണം. നേരത്തെ ഇക്കാര്യം മുസ്ലീം ലീഗ്, ജില്ലാ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ആറ് മാസത്തിന് ശേഷം ഇക്കാര്യം പരിശോധിച്ച് പ്രവേശന ഫീസ് കുറക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല. പൊതുജനങ്ങള്‍ക്കുണ്ടായ പരാതിയും പ്രതിഷേധവും കണക്കിലെടുത്താണ് മുസ്ലീം ലീഗ് ഈ ആവശ്യവുമായി മുമ്പോട്ട് പോകുന്നത്. ബലക്ഷയം നേരിടുന്ന മാഹി പാലത്തിന്റെ അപകടാവസ്ഥ പരിഗണിച്ച് പാലം ബലപ്പെടുത്താന്‍ അടിയന്തരമായി ശാസ്ത്രീയമായ നവീകരണ പ്രവൃത്തി നടത്തണമെന്നും ആവശ്യപ്പെട്ടു. അധികൃതര്‍ അവഗണനയും അനാസ്ഥയും വെടിയണം.
നിലവിലുള്ള പാലത്തിന് സമാന്തരമായി പുതിയ പാലം നിര്‍മിക്കാന്‍ വേണ്ട അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യമുന്നയിച്ചു. പഞ്ചായത്ത് മുസ്ലീം ലീഗ് ഓഫീസിലെ കോമത്ത് അലി സാഹിബ് ഹാളില്‍ നടന്ന കൗണ്‍സില്‍ യോഗം മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വ.കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. പി.സി റിസാല്‍ അധ്യക്ഷത വഹിച്ചു. റിട്ടേണിങ്ങ് ഓഫീസര്‍ എ.കെ അബൂട്ടി ഹാജി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ശാനിദ് മേക്കുന്ന്, പാലക്കല്‍ സാഹിര്‍, ടി.എച്ച്. അസ്ലം, കെ. സുലൈമാന്‍, പി.പി. മുഹമ്മദലി, സി.കെ. മഹറൂഫ് എന്നിവര്‍ പ്രസംഗിച്ചു.ന്യൂമാഹി പഞ്ചായത്ത് മുസ്ലീം ലീഗിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍: പി.സി. റിസാല്‍ (പ്രസിഡന്റ്), ടി.കെ. താജുദ്ദീന്‍, എം.പി. ബഷീര്‍, ടി.കെ. അബ്ദുള്‍ റഹൂഫ് (വൈ.പ്രസിഡന്റുമാര്‍), ടി.എച്ച്. അസ്ലം (ജന.സെക്രട്ടറി), അസ്ഘര്‍ മധുരിമ, എം.നബീല്‍, കെ.കെ.ഹാരിസ് (സെക്രട്ടരിമാര്‍), സികെ മഹറൂഫ് (ട്രഷറര്‍).