കോഴിക്കോട് എന്‍.ഐ.ടി അധ്യാപകന്‍ ഡോ. നോയല്‍ ജേക്കബിന് യങ് സയന്റിസ്റ്റ് അവാര്‍ഡ്

കോഴിക്കോട് എന്‍.ഐ.ടി അധ്യാപകന്‍ ഡോ. നോയല്‍ ജേക്കബിന് യങ് സയന്റിസ്റ്റ് അവാര്‍ഡ്

കോഴിക്കോട്: ശാസ്ത്ര സാങ്കേതികരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അംഗീകാരമായി എന്‍.ഐ.ടി കാലിക്കറ്റ് കെമിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. നോയല്‍ ജേക്കബ് കളീക്കലിന് ‘കേരള സ്റ്റേറ്റ് യങ് സയന്റിസ്റ്റ് അവാര്‍ഡ്-2022’ ലഭിച്ചു. കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് ആണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. 50,000 രൂപ ക്യാഷ് അവാര്‍ഡ്, മുഖ്യമന്ത്രിയുടെ സ്വര്‍ണമെഡല്‍, 50 ലക്ഷം രൂപ വരെയുള്ള ഗവേഷണ ഗ്രാന്റ്, അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ ഗവേഷണ പ്രബന്ധം അവതരിപ്പിക്കുന്നതിനു വേണ്ടിയുള്ള വിദേശ സന്ദര്‍ശനത്തിന് യാത്രാ സഹായം എന്നിവ അടങ്ങുന്നതാണ് പുരസ്‌കാരം.

ചെങ്ങന്നൂര്‍ വെണ്‍മണി കളീക്കല്‍ ബഥേല്‍ ഹൗസില്‍ ജേക്കബ് കളീക്കല്‍ ചാക്കോയുടെയും ജെസ്സി റേച്ചലിന്റെയും മകനാണ് ഡോ. നോയല്‍. ഇന്ത്യന്‍ നാഷണല്‍ അക്കാഡമി ഓഫ് എഞ്ചിനീയറിങ്ങിന്റെ (INAE) യങ് എഞ്ചിനീയര്‍ അവാര്‍ഡ്-2022 (കെമിക്കല്‍ എഞ്ചിനീയറിംഗ്) അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കര്‍ണാടകയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് കെമിക്കല്‍ എഞ്ചിനീയറിംഗ് ബിരുദം നേടിയ അദ്ദേഹം അണ്ണാ യൂണിവേഴ്‌സിറ്റി, ചെന്നൈ, എ.സി ടെക്കില്‍ നിന്ന് ബിരുദാനന്തര ബിരുദവും (കെമിക്കല്‍ എഞ്ചിനീയറിംഗ്) പിഎച്ച്.ഡിയും (ടെക്‌നോളജി) നേടി. വിവിധ ആപ്ലിക്കേഷനുകള്‍ക്കായി നാനോ ടെക്‌നോളജി അധിഷ്ഠിതമായ പോളിമെറിക് മെംബ്രയിനുകളുടെ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എന്‍.ഐ.ടിയിലെ മെംബ്രയിന്‍ സെപ്പറേഷന്‍ ഗ്രൂപ്പിനെ അദ്ദേഹം നയിക്കുന്നു.

ഡോ. നോയല്‍ ഇതിനകം രണ്ട് എക്‌സ്ട്രാമ്യൂറല്‍ ഫണ്ടഡ് ഗവേഷണ പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കി. നിലവില്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ധനസഹായമുള്ള മറ്റൊരു പ്രോജക്ട് നടപ്പിലാക്കുകയാണ്. പിയര്‍-റിവ്യൂഡ് ജേണലുകളില്‍ 40-ലധികം ഗവേഷണ ലേഖനങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു. 4 പുസ്തക-അധ്യായങ്ങള്‍ രചിച്ചു, രണ്ട് പുസ്തകങ്ങള്‍ (എല്‍സെവിയര്‍, സി.ആര്‍.സി പ്രസ്സ്) എഡിറ്റ് ചെയ്തു. കൂടാതെ 2 പേറ്റന്റുകളും നേടി.

ഹീമോഡയാലിസിസ് ആപ്ലിക്കേഷനുകള്‍ക്കുള്ള മെംബ്രയിനുകളുടെ വികസനത്തിലും വിലയിരുത്തലിലും ആയിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക ശ്രദ്ധ. ഘനലോഹങ്ങള്‍ നീക്കം ചെയ്യല്‍, എണ്ണ-ജല എമല്‍ഷന്‍ വേര്‍തിരിക്കല്‍ തുടങ്ങിയ ജലശുദ്ധീകരണത്തിനായുള്ള മെംബ്രയിന്‍ പ്രക്രിയയിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മലിനജലത്തിന്റെയും കടല്‍ജലത്തിന്റെയും വീണ്ടെടുക്കലിനും പുനരുപയോഗത്തിനുമായുള്ള സര്‍ക്കാര്‍ ധനസഹായത്തോടെയുള്ള പ്രോജക്ടുകളില്‍ അദ്ദേഹത്തിന്റെ ഗവേഷണ സംഘം പ്രവര്‍ത്തിക്കുന്നു.

ജല-ഊര്‍ജ്ജ സ്രോതസ്സുകള്‍ കുറഞ്ഞു വരുന്നതിന്റെ ആശങ്കകള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള നൂതന മെംബ്രയിന്‍ സാങ്കേതികവിദ്യകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഏറ്റവും പുതിയ ഗവേഷണത്തിന് ആണ് ഡോ. നോയലിന് യംഗ് സയന്റിസ്റ്റ് അവാര്‍ഡ്-2022 ലഭിച്ചത്. ഫെബ്രുവരി 12ന് പീരുമേട് കുട്ടിക്കാനം മാര്‍ ബസേലിയോസ് ക്രിസ്ത്യന്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വെച്ചു നടക്കുന്ന കേരള സ്റ്റേറ്റ് സയന്‍സ് കോണ്‍ഗ്രസിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ വെച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *