നാദാപുരം: നാദാപുരം പഞ്ചായത്തിന്റേയും തൂണേരിയുടെയും അതിര്‍ത്തി പ്രദേശമായ ചേറ്റുവെട്ടി തോടിന്റെ തോട്ടുമ്മോത്ത് പാലത്തിന്റെ താഴെ ജലാശയത്തില്‍ നാദാപുരം ടൗണിലെ കൂള്‍ബാറില്‍ നിന്നുമുള്ള മാലിന്യം തള്ളിയതിനെതിരേ നടപടി സ്വീകരിച്ച് അധികൃതര്‍. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അധികൃതര്‍ പരിശോധനക്കായി എത്തുകയും മാലിന്യ കെട്ടുകളില്‍നിന്ന് നാദാപുരം ടൗണിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയതിന്റെ ബില്‍ ലഭിക്കുകയും, ഇതുവഴി മാലിന്യം തള്ളിയ സ്ഥാപനം കണ്ടെത്തി നടപടി സ്വീകരിക്കുകയുമായിരിന്നു . നാദാപുരം-വടകര റോഡില്‍ പ്രവര്‍ത്തിക്കുന്ന ഐസും ഗ്ലാസും എന്ന സ്ഥാപനത്തില്‍ നിന്നാണ് മാലിന്യങ്ങള്‍ തള്ളിയത്. നാദാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സതീഷ് ബാബു എന്നിവരാണ് പരിശോധനക്കായി എത്തിയത്. സ്ഥാപനത്തിന്റെ ലൈസന്‍സി ആയ അബ്ദുള്‍സലാം ഒറ്റ പിലാക്കൂലിന് 5000 രൂപ പിഴ ചുമത്തുകയും, തോട്ടില്‍ തള്ളിയ മാലിന്യം 24 മണിക്കൂറിനകം നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. നിശ്ചിത സമയത്തിനകം മാലിന്യങ്ങള്‍ നീക്കം ചെയ്യാത്ത പക്ഷം തുടര്‍ നടപടികള്‍ സ്വീകരിക്കുകയും പ്രോസിക്യൂഷന്‍ നടപടി കൈ കൊള്ളുകയും ചെയ്യുമെന്ന താക്കീതും നല്‍കിയിട്ടുണ്ട്.