കോഴിക്കോട്: ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിന്റെയും(ഡയറ്റ്) കാരന്തൂര്‍ മര്‍കസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ ശില്‍പശാല ഇന്ന് ആരംഭിക്കും. കാലാവസ്ഥാ വ്യതിയാനം-വിദ്യാഭ്യാസം, ബോധവല്‍ക്കരണം, പരിശീലനം’ എന്ന പ്രമേയത്തില്‍ കാരന്തൂര്‍ മെംസ് ഇന്റര്‍നാഷണില്‍ നടക്കുന്ന ശില്‍പശാല ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഢി ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപെട്ട പ്രൈവറ്റ് പ്രതിനിധികളും ജില്ലയിലെ അന്‍പതോളം വരുന്ന സര്‍ക്കാര്‍ സ്‌കൂളിലെ പ്രതിനിധികളും ശില്‍പശാലയില്‍ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷം നവംബറില്‍ മര്‍കസ് നോളേജ് സിറ്റിയില്‍ നടന്ന അന്താരാഷ്ട്ര കാലാവസ്ഥാ സമ്മിറ്റിന്റെ തുടര്‍ പദ്ധതികളുടെ ഭാഗമായി ജില്ലാ കലക്ടറുടെ എജു മിഷന്‍ പ്രൊജക്ടുമായി സഹകരിച്ചാണ് ശില്‍പശാല സംഘടിപ്പിച്ചിട്ടുള്ളത്. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി. മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തും. മര്‍കസ് നോളേജ് സിറ്റി മാനേജിങ് ഡയറക്ടര്‍, ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കിം അസ്ഹരി മുഖ്യാതിഥിയാകും. ഡയറ്റ് പ്രിന്‍സിപ്പല്‍ വി.വി പ്രേമരാജന്‍, ഇ.കെ കുട്ടി, വി. ശശികുമാര്‍, ഡോ. അഭിലാഷ് എസ്, ഡോ. മുഹമ്മദ് ശഹീന്‍, ഡോ. എം.കെ രവിവര്‍മ, കെ.എം അബ്ദുല്‍ ഖാദര്‍, സി.പി ചന്ദ്രശേഖരന്‍, ഡോ. അബ്ദുല്‍ നാസര്‍ യു.കെ, കെ. ജയറാം, ഷാജി യു.കെ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.