കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണവേദിയും കണ്ണൂരിലെ എയറോസിസ് കോളേജും സംയുക്തമായി നടത്തിയ വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാര സമര്‍പ്പണം ഡോക്ടര്‍ എം.പി അബ്ദുസ്സമദ് സമദാനി സാഹിബ് എം.പി. ഉദ്ഘാടനം ചെയ്തു. എയറോസിസ് കോളേജ് എം.ഡി. ഡോക്ടര്‍ ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണവേദി ചെയര്‍മാന്‍ റഹിം പൂവാട്ടുപറമ്പ്, വൈക്കം മുഹമ്മദ് ബഷീറിന്റെ മകന്‍ അനീസ് ബഷീര്‍, ചലച്ചിത്ര തിരക്കഥാകൃത്തും സാഹിത്യകാരനും ജൂറി ചെയര്‍മാനുമായ ശത്രുഘ്‌നന്‍, ഗിരീഷ് പെരുവയല്‍, ബൈജു മുക്കം എന്നിവര്‍ പ്രസംഗിച്ചു. ചലച്ചിത്ര ടെലിസീരിയല്‍ സംവിധായകനും സാഹിത്യകാരനും കവിയും ഗാനരചയിതാവുമായ വയലാര്‍ മാധവന്‍കുട്ടി (ബഹുമുഖ പ്രതിഭ), മലയാള മനോരമ കണ്ണൂര്‍ യൂണിറ്റ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ജയപ്രകാശ് ബാബു (മാധ്യമ പ്രതിഭ), മാതൃഭൂമി സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ദിനകരന്‍ കൊമ്പിലാത്ത്, എസ്.കെ.പൊറ്റെക്കാട്ടിന്റെ മകളും സാഹിത്യകാരിയുമായ സുമിത്ര ജയപ്രകാശ്, സാഹിത്യകാരന്മാരായ ലൂക്കോസ്, ഡോക്ടര്‍ ഒ.എസ് രാജേന്ദ്രന്‍, അനില്‍ നീലാംബരി, സാഹിത്യകാരി രജനി സുരേഷ് എന്നിവര്‍ക്ക് ബഷീര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. എം.ടി വാസുദേവന്‍ നായര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ചെഴുതിയ ‘സ്‌നേഹപൂര്‍വ്വം ബഷീര്‍’ പുസ്തകത്തിന്റെ എഡിറ്റര്‍ അബ്ദുള്ള പേരാമ്പ്രയേയും എസ്.കെ.പൊറ്റെക്കാട്ട് കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറിയേയും ആദരിച്ചു. എസ്.കെ.പൊറ്റെക്കാട്ടിന്റെ മകന്‍ ജ്യോതീന്ദ്രന്‍ പൊറ്റെക്കാട്ട് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തുത്തു.