മിതമായ നിരക്കില്‍ സുരക്ഷിതമായ തീവണ്ടി യാത്രയ്ക്ക് സൗകര്യം ഏര്‍പ്പെടുത്തണം
ചെന്നൈ: കൊവിഡിന്നു മുന്‍പുള്ള യാത്രാ നിരക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഇളവുകളും മറ്റ് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്‌സ് അസോസിയേഷന്റേയും പ്രത്യേക ക്ഷണിതാക്കളുടേയും റെയില്‍വേ പ്രീ ബഡ്ജറ്റ് ചര്‍ച്ചയോഗം അഭ്യര്‍ത്ഥിച്ചു. ഈ വര്‍ഷം മുതല്‍ കേന്ദ്ര പൊതുബഡ്ജറ്റിന് മുന്നോടിയായി റെയില്‍വേക്ക് പ്രത്യേകം ബഡ്ജറ്റ് അവതരിപ്പിച്ച് ജനപ്രതിനിധികള്‍ക്ക് ചര്‍ച്ച ചെയ്യാനുള്ള അവസരം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍- റെയില്‍വേ മന്ത്രാലയം, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ മറ്റു ബന്ധപ്പെട്ടവരോട് യോഗം അഭ്യര്‍ഥിച്ചു.
ബഡ്ജറ്റില്‍ ഫണ്ട് അനുവദിക്കുമ്പോള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യ പരിഗണനയും നീതിയും ഉറപ്പാക്കണം. യാത്രക്കാരുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും നിര്‍ദേശങ്ങളും യഥാസമയം കേന്ദ്ര സര്‍ക്കാരിനും റെയില്‍വേ മന്ത്രാലയത്തിലും ബോര്‍ഡിലും ജനപ്രതിനികളുടെ സഹകരണത്തോടെ സമ്മര്‍ദം ചെലുത്തുന്നതിന് ലെയ്‌സണ്‍ ഓഫീസറെ ഡല്‍ഹിയില്‍ നിയോഗിക്കണമെന്ന നിര്‍ദേശവും യോഗം തകൈക്കൊണ്ടു. 2022 ജൂണ്‍ മുതല്‍ കൊവിഡിന്റെ പേരില്‍ വര്‍ധിപ്പിച്ച നിരക്കുകളും മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള യാത്ര ഇളവുകളും അര്‍ഹമായ മറ്റു ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കുമെന്ന് റെയില്‍വേ അധികാരികള്‍ ഉറപ്പ് നല്‍കിയെങ്കിലും ഇതുവരെ പ്രാബല്യത്തില്‍ വരുത്താത്ത റെയില്‍വേയുടെ നടപടിയെ യോഗം ശക്തമായി അപലപിച്ചു.
ദേശീയ ചെയര്‍മാന്‍ ഡോ. എ.വി. അനൂപ് യോഗം ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് ചെയര്‍മാന്‍ ഷെവലിയാര്‍ സി.ഇ ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ യഥാസമയം അധികാരികളുട ശ്രദ്ധയില്‍ പെടുത്തുന്നതിന് സംഘടനാ പ്രവര്‍ത്തനം വിപുലീകരിക്കുമെന്നും, അടുത്ത ദിവസം തന്നെ നിവേദക സംഘത്തെ ഡല്‍ഹിക്ക് അയക്കുമെന്നും എ.വി. അനൂപ് അറിയിച്ചു. അംഗസംഘടന പ്രതിനിധികള്‍ക്കുള്ള ഐഡി കാര്‍ഡ് ആന്ധ്ര-തെലുങ്കാന കണ്‍വീര്‍ കെ.എസ് ജോണ്‍സന് ചെയര്‍മാന്‍ നല്‍കി. ചര്‍ച്ചയില്‍ സണ്‍ഷൈന്‍ ഷോര്‍ണൂര്‍, വിജയന്‍ കാനായി, അഡ്വക്കേറ്റ് എം.കെ അയ്യപ്പന്‍, കെ.എം. ദേവദാസ്, സി.പി ജോണ്‍സണ്‍, ശ്രീമതി ശൈലജ ദേവദാസ് എന്നിവര്‍ പങ്കെടുത്തു. ജനറല്‍ കണ്‍വീനര്‍ എം.പി അന്‍വര്‍ സ്വാഗതവും കണ്‍വീനര്‍ സണ്‍ഷൈന്‍ ഷോര്‍ണൂര്‍ നന്ദിയും രേഖപ്പെടുത്തി.