ആലപ്പുഴ: ലഹരിക്കെതിരേ പ്രവര്‍ത്തിക്കുന്നതിനോടൊപ്പം അത് കടത്തുന്ന തരത്തിലേക്ക് രാഷ്ട്രീയ പ്രവര്‍ത്തകര്‍ എത്തിയെന്നും ഇതുവഴി രാഷ്ട്രീയം ദുഷിച്ചെന്നും സി.പി.എം മുതിര്‍ന്ന നേതാവ് ജി. സുധാകരന്‍ പറഞ്ഞു. ആലപ്പുഴയില്‍ ജൂനിയര്‍ ചേംബര്‍ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിലാണ് സി.പി.എമ്മിനെതിരേയുള്ള ജി. സുധാകരന്റെ പരോക്ഷ വിമര്‍ശനം. ആലപ്പുഴയിലെ സി.പി..എം നേതാക്കള്‍ ലഹരിക്കടത്ത് കേസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ജി. സുധാകരന്റെ പരാമര്‍ശം.
കരുനാഗപ്പള്ളി ലഹരി കേസ് പ്രതി ഇജാസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ഏരിയ കമ്മറ്റിയംഗം ഷാനവാസിനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. സി.പി.എം ആലപ്പുഴ ബ്രാഞ്ച് അംഗമായിരുന്നു ഇജാസ്. ആലപ്പുഴ നോര്‍ത്ത് ഏരിയാ കമ്മിറ്റി അംഗംവും നഗരസഭാ കൗണ്‍സിലര്‍ കൂടിയായിരുന്നു ഷാനവാസ്. കേസില്‍ ഇജാസ്, സജാദ്, കരുനാഗപ്പളളി സ്വദേശികളായ ഷമീര്‍, തൗസീം എന്നിവര്‍ക്ക് ജാമ്യം ലഭിച്ചു. ലഹരി മാഫിയ ബന്ധമാണ് ആലപ്പുഴയില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന ഒരു കാരണമെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് പച്ചക്കറികള്‍ക്കൊപ്പം കടത്താന്‍ ശ്രമിച്ച 98 ചാക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ രണ്ട് ലോറികളില്‍ നിന്നായി കരുനാഗപ്പള്ളി പോലിസ് പിടികൂടുന്നത്. ഇതില്‍ കെ.എല്‍ 04 എ.ടി 1973 എന്ന നമ്പറിലുള്ള ലോറി ഷാനവാസിന്റെ പേരിലുള്ളതാണെന്ന് പോലിസ് കണ്ടെത്തിയിരുന്നു.