പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് വോട്ട് പെട്ടി കണ്ടെത്തി; വോട്ടെടുപ്പ് സാമഗ്രികള്‍ ഹൈക്കോടതിയിലേക്ക്

പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് വോട്ട് പെട്ടി കണ്ടെത്തി; വോട്ടെടുപ്പ് സാമഗ്രികള്‍ ഹൈക്കോടതിയിലേക്ക്

  • കേസ് നാളെ വീണ്ടും പരിഗണിക്കും
  • നജീബ് കാന്തപുരത്തിന് നിര്‍ണായകം

മലപ്പുറം: പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പ് കേസില്‍ കാണാതായ തപാല്‍വോട്ട് പെട്ടി കണ്ടെത്തി. ജില്ലാ സഹകരണ രജിസ്ട്രാറുടെ മലപ്പുറം ഓഫിസില്‍ നിന്നാണ് തപാല്‍വോട്ടുപെട്ടി കണ്ടെടുത്തത്. 2021 ഏപ്രില്‍ ആറിന് നടന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി നജീബ് കാന്തപുരം 38 വോട്ടിനാണ് വിജയിച്ചത്. എതിര്‍സ്ഥാനാര്‍ഥിയായിരുന്ന എല്‍.ഡി.എഫ്. സ്വതന്ത്രന്‍ കെ.പി.എം. മുസ്തഫയാണ് വിജയം ചോദ്യംചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഹര്‍ജിയില്‍ അനുകൂല വിധിയുണ്ടാവുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ട്രഷറിയില്‍ പരിശോധിച്ചപ്പോഴാണ് വോട്ടുപെട്ടികള്‍ കാണാതിരുന്നത്. തുടര്‍ന്ന് ഇതു മാധ്യമ വാര്‍ത്തയായപ്പോള്‍ ജില്ലാ സഹകരണ രജിസ്ട്രാറുടെ മലപ്പുറം ഓഫിസില്‍ പെട്ടികള്‍ ഉണ്ടെന്ന് അറിയിപ്പ് ലഭിക്കുകയായിരുന്നു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ ഉപയോഗിച്ച ബാലറ്റ് പേപ്പര്‍ അടക്കമുള്ള തെരഞ്ഞെടുപ്പ് സാമഗ്രികള്‍ ഇന്നു രാവിലെ ഹൈക്കോടതിയില്‍ എത്തിക്കാന്‍ നിര്‍ദേശം ലഭിച്ചിരുന്നു. കേസ് നടത്തിപ്പിന്റെ സൗകര്യം കണക്കിലെടുത്ത് ഇവ ഹൈക്കോടതിയിലേക്കു മാറ്റാന്‍ രജിസ്ട്രാര്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. മാറ്റിവച്ചതും അസാധുവായതും തപാല്‍ ബാലറ്റുകളും മുഴുവനായും വോട്ടെണ്ണലിന്റെയും അനുബന്ധ പ്രക്രിയകളുടെയും വീഡിയോകളുമാണ് കൊണ്ടുപോകുക. നാളെയാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.
80-ന് മുകളിലുള്ളവരുടെയും അവശരായവരുടെയും വീടുകളിലെത്തി വോട്ട് ചെയ്യിപ്പിക്കാന്‍ ഈ തെരഞ്ഞെടുപ്പില്‍ ആദ്യമായി അവസരമൊരുക്കിയിരുന്നു. പ്രത്യേക തപാല്‍ വോട്ടുകളായാണ് ഇവ കണക്കാക്കുന്നത്. ഇങ്ങനെയുള്ള 348 വോട്ടുകള്‍ വോട്ടെണ്ണല്‍ വേളയില്‍ എണ്ണാതെ മാറ്റിവെച്ചിരുന്നു. ക്രമനമ്പര്‍, ഒപ്പ് എന്നിവ ഇല്ലാത്തതിന്റെ പേരിലാണ് മാറ്റി വച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയത്തിലേക്കടുത്തതോടെ ഈ വോട്ടുകള്‍ എണ്ണണമെന്ന് എല്‍.ഡി.എഫ്. രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും വരണാധികാരി അനുവദിച്ചില്ല. പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും അറിയിച്ചിരുന്നു. ഇതിനെ ചോദ്യംചെയ്താണ് കെ.പി.എം മുസ്തഫ കോടതിയെ സമീപിച്ചത്.

Also Read: 

https://peoplesreview.co.in/kerala/31835

 

Share

Leave a Reply

Your email address will not be published. Required fields are marked *