നേപ്പാള്‍ വിമാന ദുരന്തം; ബ്ലാക്ക്‌ബോക്‌സ് കണ്ടെത്തി

നേപ്പാള്‍ വിമാന ദുരന്തം; ബ്ലാക്ക്‌ബോക്‌സ് കണ്ടെത്തി

  • ദുരന്തത്തിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: നേപ്പാളിലുണ്ടായ വിമാന ദുരന്തത്തില്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. അതുപോലെ അപകടത്തില്‍ മരിച്ച ഉത്തര്‍പ്രദേശുകാരായ ചെറുപ്പക്കാരുടെ മൊബൈല്‍ ഫോണില്‍ നിന്ന് ദുരന്തത്തിന്റെ അവസാന നിമിഷ ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. ദുരന്തത്തെ ആരും അതിജീവിച്ചിട്ടില്ലെന്നും വിമാനത്തില്‍ ഉണ്ടായിരുന്ന 72 പേരും മരിച്ചതായി നേപ്പാള്‍ സൈനിക വക്താവ് സ്ഥിരീകരിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ നിന്ന് നാല് ചെറുപ്പക്കാര്‍ വിനോദസഞ്ചാരത്തിനായി നേപ്പാളില്‍ എത്തിയത്. കഠ്മണ്ഡുവിലെ പ്രശസ്തമായ പശുപതി നാഥ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച ശേഷം പാരാ ഗ്ലൈഡിങ്ങിനായി ഇവര്‍ പൊഖ്റയിലേക്ക് തിരിച്ചു. വിമാനം പൊഖ്റയിലേക്ക് താഴ്ന്നപ്പോള്‍ മൊബൈലില്‍ ഫേസ്ബുക്ക് ലൈവ് നല്‍കുക ആയിരുന്നു ഇവര്‍. ദുരന്തത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞ ഇവരുടെ മൊബൈല്‍ അപകട സ്ഥലത്തുനിന്ന് കണ്ടെത്തി. അപകടത്തില്‍ തകര്‍ന്ന യതി എയര്‍ലൈന്‍സിന്റെ എ.ടി.ആര്‍ 72 വിമാനത്തിന്റെ ഫ്‌ളൈറ്റ് ഡാറ്റ റെക്കോഡറും കോക്പിറ്റ് വോയ്സ് റെക്കോഡറും കണ്ടെത്തിയിട്ടുണ്ട്.
നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹലിന്റെ നിര്‍ദേശപ്രകാരം രൂപീകരിച്ച അഞ്ചംഗ വിദഗ്ധ സമിതിക്ക് അപകടം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ 45 ദിവസമാണ് അനുവദിച്ചിരിക്കുന്നത്. അപകടത്തിന് ഒരു മിനിറ്റ് മുന്‍പും പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി സംസാരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. നേരിയ മഞ്ഞുണ്ടായിരുന്നെങ്കിലും വിമാനത്താവളത്തില്‍ ആവശ്യമായ കാഴ്ചാപരിധി ഉണ്ടായിരുന്നുവെന്നും വ്യക്തമായി. ഇതോടെ യന്ത്ര തകരാറ് അല്ലെങ്കില്‍ പൈലറ്റിന്റെ പിഴവ് എന്നീ സാധ്യതകളിലേക്കാണ് വിദഗ്ധര്‍ വിരല്‍ ചൂണ്ടുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *