കോഴിക്കോട്: കേരള സംസ്ഥാന സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ 38ാം സംസ്ഥാന സമ്മേളനം 17, 18, 19 തീയതികളില്‍ കോഴിക്കോട് വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 17ന് രാവിലെ 10.30ന് നളന്ദ ഓഡിറ്റോറിയത്തില്‍ സംസ്ഥാന ഭാരവാഹികളുടേ യോഗവും 2.30ന് സംസ്ഥാന കമ്മിറ്റിയോഗവും നടക്കും. 18ന് രാവിലെ 9.30ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.ആര്‍ കുറുപ്പ് പതാക ഉയര്‍ത്തും. സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാനും ഡി.സി.സി പ്രസിഡന്റുമായ അഡ്വ.കെ.പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിക്കും. ടി.സിദ്ദീഖ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. 11.30ന് പ്രതിനിധി സമ്മേളനം യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍ ഉദ്ഘാടനം ചെയ്യും. വനിതാസമ്മേളനം മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എം.പിയും തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രനും ഉദ്ഘാടനം ചെയ്യും.
19ന് രാവിലെ മുതലക്കുളം മൈതാനത്ത് നിന്ന് പ്രകടനം ആരംഭിച്ച് ശ്രീനാരായണ സെന്റിനറി ഹാളില്‍ സമാപിക്കും. അവിടെ നടക്കുന്ന സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ കെ.സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും. എം.കെ രാഘവന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്യും. സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍ ക്ഷാമശ്വാസ കുടിശ്ശികകള്‍ അനുവദിക്കുന്നില്ലെന്നും ഐ.എ.എസ്, ഐ.പി.എസ്, ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ തുച്ഛമായ തുക പെന്‍ഷന്‍ ലഭിക്കുന്ന പെന്‍ഷന്‍കാര്‍ക്ക് അനുവദിക്കാതിരിക്കുന്നതടക്കമുള്ള അനീതിക്കെതിരേ സംസ്ഥാന സമ്മേളനം ശക്തമായ പ്രക്ഷോഭത്തിന് രൂപം നല്‍കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. മെഡിസെപ്പ് പദ്ധതി ഇപ്പോഴും കുറ്റമറ്റ രീതിയില്‍ നടപ്പാക്കാന്‍ സര്‍ക്കാരിനായിട്ടില്ല. സര്‍ക്കാര്‍ നിഷേധാത്മകമായ സമീപനം തിരുത്തണമെന്നവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.ആര്‍ കുറുപ്പ്, ജനറല്‍ സെക്രട്ടറി എം.പി വേലായുധന്‍, ട്രഷറര്‍ ആര്‍.രാജന്‍ ഗുരുക്കള്‍, സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ പി.എം അബ്ദുറഹിമാന്‍, ജനറല്‍ കണ്‍വീനര്‍ സി.ഗോപാലന്‍ മാസ്റ്റര്‍, സംസ്ഥാന ഭാരവാഹികളായ ജി.പരമേശ്വരന്‍ നായര്‍, വി.മധുസൂദനന്‍, ടി.ഹരിദാസന്‍, അഡ്വ.എം.രാജന്‍ എന്നിവര്‍ സംബന്ധിച്ചു.