കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം; അയല്‍ക്കൂട്ട സംഗമം ‘ചുവട് 2023’ ജനുവരി 26ന്

കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം; അയല്‍ക്കൂട്ട സംഗമം ‘ചുവട് 2023’ ജനുവരി 26ന്

തിരുവനന്തപുരം: ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് സംസ്ഥാനത്തെ മൂന്നു ലക്ഷം അയല്‍ക്കൂട്ടങ്ങളിലും ജനുവരി 26ന് ‘ചുവട് 2023’ എന്ന പേരില്‍ അയല്‍ക്കൂട്ട സംഗമം സംഘടിപ്പിക്കുന്നു. അയല്‍ക്കൂട്ടങ്ങളില്‍ അംഗങ്ങളായ 45 ലക്ഷം കുടുംബശ്രീ വനിതകള്‍, അവരുടെ കുടുംബാംഗങ്ങള്‍, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍, ബാലസഭാംഗങ്ങള്‍, വയോജന അയല്‍ക്കൂട്ട അംഗങ്ങള്‍, പ്രത്യേക അയല്‍ക്കൂട്ട അംഗങ്ങള്‍ എന്നിവര്‍ ഇതില്‍ പങ്കെടുക്കും. 25 വര്‍ഷത്തെ പ്രവര്‍ത്തനാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അയല്‍ക്കൂട്ട കുടുംബാംഗങ്ങളുടെ ജീവിതത്തിലും പൊതുസമൂഹത്തിലും കുടുംബശ്രീ സൃഷ്ടിച്ച മാറ്റങ്ങള്‍, ആരോഗ്യം, പൊതു ശുചിത്വം, വൃത്തിയുള്ള അയല്‍ക്കൂട്ട പരിസരം, അയല്‍ക്കൂട്ട കുടുംബങ്ങളുടെയും പ്രദേശത്തിന്റെയും വികസന ആവശ്യങ്ങള്‍ എന്നീ വിഷയങ്ങള്‍ അയല്‍ക്കൂട്ട അംഗങ്ങളുടെ നേതൃത്വത്തില്‍ സംഗമ ദിനത്തില്‍ ചര്‍ച്ച ചെയ്യും. തുടര്‍ന്ന് സുസ്ഥിര വികസന ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി സൂക്ഷ്മതല പദ്ധതി ആസൂത്രണം ചെയ്ത് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അയല്‍ക്കൂട്ടങ്ങള്‍ എ.ഡി.എസി (ഏരിയ ഡെവലപ്‌മെന്റ് സൊസൈറ്റി)ന് കൈമാറും.

26ന് ആരംഭിച്ച് മെയ് 17ന് പൂര്‍ത്തിയാകുന്ന വിധത്തില്‍ വൈവിധ്യമാര്‍ന്ന കര്‍മ പരിപാടികള്‍ക്കാണ് കുടുംബശ്രീ തുടക്കമിടുന്നത്. അയല്‍ക്കൂട്ട സംഗമത്തിന്റെ ഭാഗമായി 26ന് സംസ്ഥാനത്തെ എല്ലാ അയല്‍ക്കൂട്ടങ്ങളിലും രാവിലെ എട്ടു മണിക്ക് ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് അയല്‍ക്കൂട്ട സംഗമഗാനം അവതരിപ്പിക്കും. അതിനു ശേഷം അംഗങ്ങള്‍ ഒരുമിച്ച് കുടുംബശ്രീ യൂട്യൂബ് ചാനല്‍ വഴി അയല്‍ക്കൂട്ട സംഗമസന്ദേശം കാണും. ഇതിനു ശേഷമാണ് വിവിധ വിഷയങ്ങളില്‍ ഊന്നിയുള്ള ചര്‍ച്ചകള്‍ സംഘടിപ്പിക്കുക. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, മികച്ച വരുമാനദായക ഉപജീവന പ്രവര്‍ത്തനങ്ങള്‍, ആരോഗ്യം, വിദ്യാഭ്യാസം ഗുണമേന്‍മയുള്ള ജീവിതനിലവാരം എന്നിവ ഉള്‍പ്പെടെയുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നതിനായി കുടുംബശ്രീ സംവിധാനത്തെ പ്രാപ്തമാക്കുന്നതിന്റെ തുടക്കമായി അയല്‍ക്കൂട്ട സംഗമത്തെ മാറ്റുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

രജത ജൂബിലി ആഘോഷങ്ങള്‍ എല്ലാ അയല്‍ക്കൂട്ടങ്ങളിലും ഒരുമിച്ച് ആഘോഷിക്കുകയും കേരളമാകെ അറിയിക്കുകയും ചെയ്യുക, പൊതു ഇടങ്ങള്‍ സ്ത്രീകളുടേതു കൂടിയാണെന്നും അവരുടെ സാമൂഹിക സാംസ്‌കാരിക ആവിഷ്‌കാര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇടമാണെന്നുമുള്ള തിരിച്ചറിവ് ഉറപ്പാക്കുകയും ചെയ്യുക എന്നതും ചുവട്-2023ന്റെ പ്രധാന ലക്ഷ്യങ്ങളാണ്. അയല്‍ക്കൂട്ട സംഗമം ആകര്‍ഷകമാക്കുന്നതിന് കലാ സാഹിത്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖ വ്യക്തികളുടെ പങ്കാളിത്തവും ഉറപ്പാക്കും. വിവിധ കലാപരിപാടികളും അരങ്ങേറും.

26ന് മുമ്പ് നടക്കുന്ന അയല്‍ക്കൂട്ട യോഗത്തില്‍ ‘ചുവട് 2023’ പ്രത്യേക അജണ്ടയായി ഉള്‍പ്പെടുത്തി മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് അയല്‍ക്കൂട്ടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ജില്ലാ, സി.ഡി.എസ്, എ.ഡി.എസ്, അയല്‍ക്കൂട്ടതലങ്ങളില്‍ വിവിധ തീയതികളിലായി പരിശീലന പരിപാടികളും ക്യാംപയ്ന്‍ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു വരികയാണ്. ഇത് ജനുവരി 22ന് പൂര്‍ത്തിയാകും.

Share

Leave a Reply

Your email address will not be published. Required fields are marked *