കോഴിക്കോട്: കാലിക്കറ്റ് അഗ്രി-ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 44ാമത് കാലിക്കറ്റ് ഫ്‌ളവര്‍ഷോ 20 മുതല്‍ 29 വരെ ബീച്ച് ഗ്രൗണ്ടില്‍വച്ച് നടക്കുമെന്ന് ട്രഷറര്‍ അംബിക രമേശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഷോഗ്രൗണ്ടില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖല സ്വകാര്യ സ്ഥാപനങ്ങള്‍, വ്യക്തിഗത ശേഖരണങ്ങള്‍, വിവിധ നഴ്‌സറികള്‍ പങ്കെടുക്കും. 15000 സ്‌ക്വയര്‍ മീറ്ററില്‍ ഉദ്യാനം ഒരുക്കും. വിദേശരാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പുഷ്പങ്ങളും ചെടികളും കൂടാതെ കുടുംബശ്രീ ജില്ലാമിഷന്‍ ഒരുക്കുന്ന ഭക്ഷണശാലയും പുഷ്പാലങ്കാരവും ഉണ്ടാകും. 80ല്‍പരം മത്സരങ്ങളാണ് ഷോയോടടുപ്പിച്ച് നടക്കുന്നത്. 24, 25 തീയതികളില്‍ ഷോഗ്രൗണ്ടില്‍ 100ല്‍ പരം കര്‍ഷകരേയും റസിഡന്റ് അസോസിയേഷന്‍ അംഗങ്ങള്‍ക്കും പങ്കാളിത്തം കൊടുത്തുകൊണ്ട് അടക്ക സുഗന്ധവിള ഡയരക്ടറേറ്റ് സഹായത്തോടെ കാര്‍ഷിക സെമിനാറുകള്‍ സംഘടിപ്പിക്കും. 44ാമത് ഫ്‌ളവര്‍ഷോയുടെ മോട്ടോര്‍വാഹന വിളംബരജാഥ 18ന് വൈകുന്നേരം നഗരത്തില്‍ നടത്തും. മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിക്കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ട്രോഫികളും നല്‍കും. ഷോഗ്രൗണ്ടില്‍ എല്ലാ ദിവസവും വൈകുന്നേരം വിവിധയിനം കലാപരിപാടികള്‍ ഉണ്ടായിരിക്കുമെന്നവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ.എം.രാജന്‍, എം.എ ജേക്കബ്, പൂത്തൂര്‍മഠം ചന്ദ്രന്‍ എന്നിവരും സംബന്ധിച്ചു.