ഉന്നതങ്ങളിലെത്തുകയെന്നത് ലക്ഷ്യമായി വിദ്യാര്‍ഥികള്‍ കാണണം: മന്ത്രി കെ. കൃഷ്ണന്‍ കുട്ടി

ഉന്നതങ്ങളിലെത്തുകയെന്നത് ലക്ഷ്യമായി വിദ്യാര്‍ഥികള്‍ കാണണം: മന്ത്രി കെ. കൃഷ്ണന്‍ കുട്ടി

കോഴിക്കോട്: പുതിയ ചോദ്യങ്ങള്‍ ചോദിച്ച് മുന്നോട്ടു പോകുമ്പോഴെ നമുക്ക് ഉയരങ്ങളിലെത്തുവാന്‍ സാധിക്കുകയുള്ളൂവെന്ന് വിദ്യാര്‍ഥികള്‍ തിരിച്ചറിയണമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി പറഞ്ഞു. എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ (കേരള), ബ്യൂറോ എനര്‍ജി എഫിഷ്യന്‍സി (ബി.ഇ.ഇ) എന്നിവയുടെ സഹായത്തോടെ ജില്ലയിലെ സ്മാര്‍ട്ട് എനര്‍ജി പോഗ്രാമും ദര്‍ശനം സാംസ്‌കാരികവേദിയും നടത്തുന്ന ബി. എല്‍.ഡി.സി ഫാന്‍ നിര്‍മാണ പരിശീലനം കോഴിക്കോട് വനിതാ ഐ.ടി.ഐയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലങ്ങളോളം ഇത്തരമൊരു രീതിയിലേക്ക് നമ്മുടെ വിദ്യാര്‍ഥികള്‍ ചിന്തിക്കാത്തതു കൊണ്ടാണ് നൊബേല്‍ സമ്മാനം നേടിയ ശാസ്ത്രജ്ഞരുടെ കണക്കെടുമ്പോഴടക്കം നാം മറ്റുള്ളവരുടെ പിന്നിലായി പോകുന്നത്.

ഇപ്പോള്‍ വിദ്യാഭ്യാസം സമ്പ്രദായമടക്കമുള്ളവയില്‍ കാര്യങ്ങള്‍ മാറി വരുന്നുണ്ട്. വൈദഗ്ധ്യത്തിന് പ്രാധാന്യമുള്ള കാലമായി ലോകം മാറുകയാണെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളുമെല്ലാം തിരിച്ചറിയണം. കൂടുതല്‍ ഉപയോഗമുള്ള സമയത്ത് ഒരു നിരക്കും കുറഞ്ഞ ഉപയോഗമുള്ള പകല്‍ സമയത്ത് കുറഞ്ഞ നിരക്കും എന്ന രീതിയിലേക്ക് കെ.എസ്.ഇ.ബിയുടെ താരിഫ് മാറ്റും. ഈ സമയത്ത് ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. നിങ്ങളുടെ പേരില്‍ നിങ്ങളുടെ രക്ഷിതാക്കളും നാടുമെല്ലാം അറിയുന്ന രീതിയിലേക്ക് കാര്യങ്ങളെ മാറ്റണമെന്ന ലക്ഷ്യം വിദ്യാര്‍ഥികള്‍ക്കുണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യഷത വഹിച്ചു.

ഇന്‍സ്‌പെക്ടര്‍ ഓഫ് ട്രെയിനിംഗ് പി.വാസുദേവന്‍, വനിതാ ഐ. ടി.ഐ വൈസ് പ്രിന്‍സിപ്പാള്‍ എ.ജി സുധീര്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി. സുരേഷ് ബാബു, സ്റ്റാഫ് സെക്രട്ടറി ടി. സുമേഷ്, ട്രെയിനീസ് കൗണ്‍സില്‍ സെക്രട്ടറി പി.ടി നിഷാന ഫഹ്‌മി, സ്മാര്‍ട്ട് എനര്‍ജി പോഗ്രാം വടകര വിദ്യാഭ്യാസ ജില്ലാകോ-ഓര്‍ഡിനേറ്റര്‍ സതീശന്‍ കൊല്ലറയ്ക്കല്‍, ദര്‍ശനം ഗ്രന്ഥാലയം വൈസ് പ്രസിഡന്റ് പി. സിദ്ധാര്‍ത്ഥന്‍, ജോയിന്റ് സെക്രട്ടറി കെ.കെ സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്മാര്‍ട്ട് എനര്‍ജി പോഗ്രാം ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ എം.എ ജോണ്‍സണ്‍ സ്വാഗതവും ദര്‍ശനം ഊര്‍ജ്ജ വേദി കണ്‍വീനര്‍ സോഷ്യോ രമേശ് ബാബു നന്ദിയും പറഞ്ഞു. ഇ.എം.സി റിസോഴ്‌സ് പേഴ്‌സണ്‍ കെ. പവിത്രന്‍ ക്ലാസെടുത്തു. ബേപ്പൂര്‍, എലത്തൂര്‍, കോഴിക്കോട് സൗത്ത് നിയോജക മണ്ഡലങ്ങളിലെ 10 ഗ്രന്ഥ ശാലകളില്‍ നിന്നും മാളിക്കടവ് ഗവ. ഐ.ടി.ഐ, വനിതാ ഐ.ടി.ഐ എന്നിവിടങ്ങളില്‍ നിന്നും 150 പേര്‍ പരിശീലനത്തില്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *