തലശ്ശേരി: കഴിഞ്ഞ ദിവസം അന്തരിച്ച പത്മശ്രീ ആര്‍.കെ.കൃഷ്ണകുമാറിനെ ജന്മനാടയ തലശ്ശേരി പൗരാവലി അനുസ്മിച്ചു. കുട്ടിമാക്കൂല്‍ ശ്രീനാരായണ സാംസ്‌കാരിക കേന്ദ്രത്തിന്റേയും തലശ്ശേരി പൗരാവലിയുടേയും ആഭിമുഖ്യത്തില്‍ ഐ.എം.എ.ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനം രമേശ് പറമ്പത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പൈതൃകനഗരം രാജ്യത്തിന് സംഭാവന ചെയ്ത അഭിമാന പുത്രനാണ് കൃഷ്ണ കുമാറെന്ന് എം.എല്‍എ പറഞ്ഞു. ശ്രീനാരായണഗുരു സ്വാമികളുടെ അനുഗ്രഹാശിസ്സകള്‍ ഏറ്റുവാങ്ങിയ കുടുംബാംഗവും, ഗുരുവിന്റെ പരമഭക്തനും, തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിന്റെ വളര്‍ച്ചയില്‍ നിസ്തുല സംഭാവനകള്‍ അര്‍പ്പിച്ച വിശിഷ്ട വ്യക്തിയും, ടാറ്റാ ഗ്രൂപ്പിന്റെ ശക്തിസ്രോതസ്സും, ദേശീയ ബിസിനസ്സ് രംഗത്തെ അതികായനും, രാജ്യം പത്മശ്രീ നല്‍കി ആദരിക്കുകയും ഉണ്ടായ വ്യക്തിയാണ് ആര്‍.കെ കൃഷ്ണകുമാറെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആനന്ദ തീര്‍ത്ഥ ട്രസ്റ്റ് പ്രസിഡന്റ് ടി.വി വസുമിത്രന്‍ എന്‍ജിനീയര്‍ പറഞ്ഞു. ജില്ലാ ഗവ.പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ. അജിത് കുമാര്‍, എസ്.എന്‍.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, തെയ്യം- കലാ അക്കാദമി ചെയര്‍മാന്‍ ഡോ.എ.പി ശ്രീധരന്‍, ഡോ.ഇഷ കരുണാകരന്‍, പ്രൊഫ.എ.പി സുബൈര്‍, ഡോ.എം.കെ അരുണ്‍ കുമാര്‍, കതിരൂര്‍ ശ്രീനാരായണഗുരു സ്മാരക മന്ദിരം പ്രസിഡന്റ് കെ.രവീന്ദ്രന്‍ എന്നിവര്‍ അനുസ്മരണഭാഷണം നടത്തി.
വി.കെ.അമൃതപ്രാര്‍ത്ഥനാഗീതം ആലപിച്ചു. എം.വി.ബാലറാം സ്വാഗതവും കെ. പി. ജ്യോതിബാസ് നന്ദിയും പറഞ്ഞു.