തിരുവനന്തപുരം: ആര്യങ്കാവില്‍ കഴിഞ്ഞ ദിവസം ക്ഷീരവികസന വകുപ്പ് പിടികൂടിയ പാലില്‍ മായമില്ലെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം. തമിഴ്‌നാട്ടില്‍ നിന്നും പത്തനംതിട്ടയിലെ സ്വകാര്യ ഡയറി ഫാമിലേക്ക് കൊണ്ടുവന്ന പാലാണ് ക്ഷീരവകുപ്പ് പിടികൂടിയത്. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നും മായം കലര്‍ത്തിയ പാല്‍ കേരളത്തിലേക്ക് കടത്തുന്നെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ക്ഷീരവികസന വകുപ്പ് ജനുവരി 11ന് പരിശോധന നടത്തിയത്. ഹൈഡ്രജന്‍ പെറോക്‌സൈഡ് പാലില്‍ ചേര്‍ത്തിട്ടുണ്ടെന്നായിരുന്നു അധികൃതരുടെ വിശദീകരണം. പാലിന്റെ സാമ്പിള്‍ ശേഖരിച്ച ഉദ്യോഗസ്ഥര്‍ കൂടുതല്‍ പരിശോധനക്കായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബിലേക്കയച്ചു. എന്നാല്‍, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബില്‍ നടത്തിയ പരിശോധനയില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. ഇതോടെ ക്ഷീരവികസന വകുപ്പ് വെട്ടിലായിരിക്കുകയാണ്.
പിടികൂടിയ പാലില്‍ കൊഴുപ്പിന്റെ കുറവ് മാത്രമാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന് കണ്ടെത്താനായത്. 15,300 ലിറ്റര്‍ പാലുമായി വന്ന ടാങ്കര്‍ലോറി അഞ്ചു ദിവസമായി പോലിസ് സ്റ്റേഷനിലാണുള്ളത്. പന്തളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഗ്രി സോഫ്റ്റ് ഡയറി ഫാമിലേക്ക് എത്തിച്ചതാണ് പാലെന്നു ലോറി ഡ്രൈവര്‍ അറിയിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് പ്ലാന്റുകളില്‍ പരിശോധന നടത്താറുണ്ടെന്നും ഇതുവരെ പാലില്‍ യാതൊരു പ്രശ്‌നവും കണ്ടെത്തിയിട്ടില്ലെന്നുമാണ് ഫാമിന്റെ വിശദീകരണം.
ലോറിയിലെ മുഴുവന്‍ പാലും ഒഴുക്കി കളയാനായിരുന്നു ക്ഷീരവകുപ്പിന്റെ തീരുമാനം. പാലിന്റെ കട്ടിയും കൊഴുപ്പും വര്‍ദ്ധിപ്പിക്കാനും കേടുകൂടാതെ കൂടുതല്‍ ദിവസം സൂക്ഷിക്കാനുമാണ് ഹൈഡ്രജന്‍ പെറോക്‌സൈഡ് ചേര്‍ക്കുന്നത്. അതേസമയം, ടാങ്കര്‍ ലോറി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ഡയറി ഉടമ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.