സ്‌പെയിനിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ആതിഥേയര്‍
റൂര്‍ക്കേല: ഹോക്കി ലോകകപ്പില്‍ ജയത്തോടെ തുടങ്ങി ഇന്ത്യ. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സ്‌പെയിനിനെ പരാജയപ്പെടുത്തിയാണ് ആതിഥേയര്‍ തുടക്കം ഗംഭീരമാക്കിയത്. ഹാര്‍ദിക് സിംഗും അമിത് രോഹിദാസുമാണ് ഇന്ത്യക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്. ആദ്യ ക്വാര്‍ട്ടറിലെ പന്ത്രണ്ടാം മിനിട്ടില്‍ രോഹിദാസിലൂടെ ഇന്ത്യ മുന്നിലെത്തി. രണ്ടാം ക്വാര്‍ട്ടറില്‍ 26-ാം മിനിറ്റില്‍ ഹാര്‍ദിക് സിംഗ് ഇന്ത്യയുടെ ലീഡുയര്‍ത്തി മത്സരത്തിന്റെ ഗതി ഇന്ത്യക്കനുകൂലമാക്കി. മത്സരത്തില്‍ 75 ശതമാനം പന്തടക്കം ഇന്ത്യക്കായിരുന്നു. മൂന്നാം ക്വാര്‍ട്ടറില്‍ മൂന്നാം മിനിട്ടില്‍ ബോക്‌സിനുള്ളില്‍ വച്ച് സ്‌പെയില്‍ ഫൗള്‍ നടത്തിയതിനെ തുടര്‍ന്ന് ഇന്ത്യക്ക് അനുകൂലമായി ലഭിച്ച പെനാള്‍ട്ടി ലക്ഷ്യം കണ്ടില്ല. ഹര്‍മന്‍പ്രീത് എടുത്ത ഷോട്ട് സ്‌പെയിനിന്റെ ഗോള്‍കീപ്പര്‍ അഡ്രിയാന്‍ റാഫി ഗോള്‍ലൈനില്‍വച്ച് തടഞ്ഞു. ഇന്ത്യന്‍ താരങ്ങള്‍ ഗോളിനായി വാദിച്ചെങ്കിലും വീഡിയോ റഫറി ഗോള്‍ നിഷേധിച്ചു. ക്രിഷന്‍ പഥകിന്റെ ഗംഭീര സേവുകളും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. ഞായറാഴ്ച ഇംഗ്ലണ്ടിനെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം. പൂള്‍ ഡിയിലെ മറ്റൊരു മത്സരത്തില്‍ ഇംഗ്ലണ്ട് വെയില്‍സിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്തിരുന്നു. ഇതോടെ ഗോള്‍ ശരാശരിയില്‍ ഇംഗ്ലണ്ട് ഇന്ത്യക്ക് മുന്നിലെത്തി. പൂളില്‍ നിന്ന് ഒരു ടീം മാത്രമാണ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് നേരിട്ട് മുന്നേറുക. പൂള്‍ എയിലെ മറ്റൊരു മത്സരത്തില്‍ ഓസ്‌ട്രേലിയ എതിരില്ലാത്ത എട്ടു ഗോളിന് ഫ്രാന്‍സിനെ തകര്‍ത്തപ്പോള്‍ അര്‍ജന്റീന എതിരില്ലാത്ത ഒരു ഗോളിന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു.